തെൽ അവീവ്: ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മെതുല, ഹൈഫ എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടന്ന ആക്രമണങ്ങളിലാണ് ഇസ്രായേലിന് തിരിച്ചടി. മെതുലയിൽ അഞ്ചും ഹൈഫയിൽ രണ്ടും പേർ മരിച്ചതായാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. രണ്ടിടങ്ങളിലുമായി എട്ടിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലബനാനിൽ മനുഷ്യക്കുരുതി തുടരുന്നതിനിടെയുള്ള ഹിസ്ബുല്ലയുടെ തിരിച്ചടി ഇസ്രായേലിന് വലിയ ആഘാതം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.. ലബനനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് വടക്കൻ ഇസ്രായേലിലെ ഒലിവ് തോട്ടത്തിൽ പതിച്ചാണ് രണ്ട് പേർ മരിച്ചതെന്നാണ് വിവരം. മെതുലയിലെ ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ ഇസ്രായേൽ പൗരനും മറ്റ് നാലുപേർ വിദേശികളുമാണ്.
അതേസമയം ലബനാനിൽ ആറ് ആരോഗ്യപ്രവർത്തരെ ഇസ്രായേൽ കൊലപ്പെടുത്തി. ആക്രമണത്തിന് തിരിച്ചടി വൈകില്ലെന്ന ഇറാന്റെ പ്രഖ്യാപനത്തിൽ ഇസ്രായേലിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.





