“സ്വന്തം” സി എച്ച്നെ വെട്ടി ചന്ദ്രിക; പത്രത്തിന്റെ കേരളപ്പിറവിദിന എഡിഷനിൽ നിന്നാണ് മുൻ മുഖ്യമന്ത്രിയെ ഒഴിവാക്കിയത്

0
1055

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിന്റെ കേരളപ്പിറവിദിന എഡിഷനിൽ നിന്ന് കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, ചന്ദ്രികയുടെ പത്രാധിപരും ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കി. മറ്റെല്ലാ ജില്ലാ എഡിഷനുകളിലും സി എച്ചിന്റെ പടവും വിവരണവും ഉള്ളപ്പോൾ തിരുവനന്തപുരം എഡിഷനിലാണ് സിഎച്ചിനെ വെട്ടിയത്.

കേരളപ്പിറവി ദിനത്തിൽ പത്രത്തിലുണ്ടായിരുന്ന നമ്മെ നയിച്ചവർ എന്ന പ്രത്യേക ഭാഗത്തിൽ കേരളത്തിന്റെ ഇന്നേവരെയുള്ള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും ചെറുവിവരണങ്ങളും ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം അപ്രത്യക്ഷമായത്.

പത്രത്തിന്റെ മറ്റ് എഡിഷനുകളിൽ സിഎച്ചിന്റെ ചിത്രം ഉണ്ടെങ്കിലും തലസ്ഥാനത്തെ എഡിഷനിൽ ഇല്ല. ആ ഭാഗത്ത് സർക്കാർ പരസ്യമാണ് ഉള്ളത്. ഇതിനെതിരെ ലീഗിൽ നിന്നുതന്നെ വിജോജിപ്പ് ഉയർന്നുകഴിഞ്ഞുവെന്നാണ് സൂചന. സി എച്ച് മുഹമ്മദ് കോയയുടെ മകൻ കൂടിയായ ഡോ എം കെ മുനീർ ചന്ദ്രികയുടെ ഡയറക്ടർ ബോർഡ് അംഗം ആയിരിക്കെ കൂടിയാണ് സംഭവം.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ കേരളത്തിലെത്തനെ ഏറ്റവും പ്രബലനായ രാഷ്ട്രീയനേതാവായിരുന്നു. വെറും 54 ദിവസങ്ങൾ മാത്രമേ സി എച്ചിന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ സാധിച്ചിരുന്നുള്ളൂ. ചന്ദ്രിക പത്രത്തിന്റെ മുൻ പത്രാധിപർ കൂടിയായിരുന്ന സി എച്ച്, പത്രത്തെ ഉയർത്തികൊണ്ടുവരുത്തുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ച ഒരു വ്യക്തി കൂടിയാണ്.