ജറൂസലം: ഹിസ്ബുല്ലയുടെ പുതിയ തലവന്‍ നഈം ഖാസിമിനേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍. നഈം ഖാസിമിന്റെ നിയമനം താല്‍ക്കാലികമാണെന്നും അദ്ദേഹം അധികകാലം വാഴില്ലെന്നുമാണ് ഭീഷണി. ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.
അടുത്തിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയായി ചൊവ്വാഴ്ച നഈം ഖാസിമിനെ സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്.
ലബനാനിലെ ശിയാ പ്രസ്ഥാനത്തിന്റെ നേതാവായി അണികളും പുറംലോകവും ആദരിച്ച നസ്‌റുല്ല കൊല്ലപ്പെട്ട് ഒരു മാസത്തിനുശേഷമാണ് അഞ്ചംഗ ശൂറാ കൗണ്‍സില്‍ നഈം ഖാസിമിനെ തെരഞ്ഞെടുത്തത്.
1982ല്‍ ഹിസ്ബുല്ലക്ക് രൂപം നല്‍കിയ സ്ഥാപക നേതാക്കളിലൊരാളാണ് 71കാരനായ നഈം ഖാസിം. ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ നസ്‌റുല്ലക്ക് പുറമെ, സംഘടനയിലെ മറ്റു പ്രമുഖരും കൊല്ലപ്പെട്ടിരുന്നു. പിന്‍ഗാമിയാകുമെന്ന് കരുതിയ നസ്‌റുല്ലയുടെ ബന്ധുകൂടിയായ ഹാശിം സഫിയുദ്ദീനും കൊല്ലപ്പെട്ടതായി അടുത്തിടെ സംഘടന സ്ഥിരീകരിച്ചു. പിന്നാലെയാണ് നഈം ഖാസിമിനെ പ്രഖ്യാപിച്ചത്.
1991ല്‍ അന്നത്തെ സെക്രട്ടറി ജനറല്‍ അബ്ബാസ് മൂസവി ഖാസിമിനെ ഉപമേധാവിയായി പ്രഖ്യാപിച്ചു. തൊട്ടടുത്ത വര്‍ഷം ഇസ്‌റാഈലി ഹെലികോപ്ടര്‍ മൂസവിയെ കൊലപ്പെടുത്തി. തുടര്‍ന്ന്, ഹസന്‍ നസ്‌റുല്ല നേതാവായപ്പോഴും ഇതേ പദവി നിലനിര്‍ത്തി. പാര്‍ട്ടി വക്താവായും പൊതുരംഗത്ത് നഈം ഖാസിം നിറഞ്ഞുനിന്നു. നസ്‌റുല്ല കൊല്ലപ്പെട്ട ശേഷവും മൂന്നുതവണ ടെലിവിഷനില്‍ രാജ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്.
അതേസമയം, തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 77 പേരാണ് മരിച്ചത്. കൂടുതല്‍ മേഖലകളിലേക്ക് ഇസ്‌റാഈല്‍ ടാങ്കുകള്‍ കടന്നുകയറി. അതിര്‍ത്തിയില്‍നിന്ന് ആറുകിലോമീറ്റര്‍ ഉള്ളില്‍ തെക്കന്‍ മേഖലയിലെ ഖിയാമിലാണ് പുതിയ ആക്രമണം. ത്വെയ്ര്‍ ഹര്‍ഫ, ഖസ്‌റുല്‍ അഹ്മര്‍, ജബല്‍ ബത്മ്, സെബ്ഖിന്‍ തുടങ്ങി നിരവധി ഗ്രാമങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനും ഇസ്‌റാഈല്‍ ഉത്തരവിട്ടിട്ടുണ്ട്.





