Thursday, 5 December - 2024

‘ലവ് ജിഹാദിൽ പെട്ട യുവതിയെ കേരളത്തിൽ തലവെട്ടി കൊലപ്പെടുത്തി’; ബ്രസീലിൽ നിന്നുള്ള പഴയ വിഡിയോ പങ്കുവെച്ച് വ്യാപക വിദ്വേഷ പ്രചാരണം

കേരളത്തിനെതിരായ വിദ്വേഷപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടക്കിടെ സംഭവിക്കാറുള്ളതാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സമൂഹമാധ്യമ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച്. മലയാളികൾ അറിഞ്ഞിട്ടുപോലുമില്ലാത്ത കുറ്റകൃത്യങ്ങൾ വരെ കേരളത്തിൽ നടന്നതാണെന്ന തരത്തിൽ പ്രചാരണം നടക്കാറുണ്ട്. തീവ്രഹിന്ദുത്വവാദികളാണ് പലപ്പോഴും ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്നും കാണാം.

ഏതാനും ദിവസങ്ങളായി കേരളത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഒരു വ്യാജ വിഡിയോ. യുവതിയെ തലവെട്ടി കൊലപ്പെടുത്തുന്ന ഭീകരദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ‘കേരളത്തിൽ ലവ് ജിഹാദിന് ഇരയായ യുവതിയെ തലവെട്ടി കൊലപ്പെടുത്തുന്ന കാഴ്ച’ എന്ന തലക്കെട്ടോടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കേരളത്തിനെതിരെ വിദ്വേഷം വമിപ്പിക്കാൻ നിരന്തരം ഉപയോഗപ്പെടുത്തുന്ന പ്രയോഗമാണ് ‘ലവ് ജിഹാദ്’. കേരളത്തിൽ പ്രണയത്തിലൂടെ വ്യാപക മതംമാറ്റം നടക്കുന്നുവെന്ന് പ്രചരിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. ‘കേരള സ്റ്റോറി’ പോലെയുള്ള സിനിമകളും ഈ അജണ്ടയുടെ ഭാഗമാണ്.

പ്രചരിക്കുന്ന വിഡിയോ സത്യമല്ലെന്ന് കേരളീയർക്കെല്ലാം വ്യക്തമാണ്. ചില ദേശീയമാധ്യമങ്ങളും ആൾട്ട് ന്യൂസ് പോലെയുള്ള ഫാക്ട്-ചെക്ക് വെബ്സൈറ്റുകളും ഈ പ്രചാരണം തീർത്തും തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യഥാർഥത്തിൽ ബ്രസീലിൽ നടന്ന ഒരു കൊലപാതകമാണ് കേരളത്തിലേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ഡിബോറ ബെസ്സ എന്ന 19കാരിയെ മയക്കുമരുന്ന് മാഫിയ സംഘം തട്ടിക്കൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ. 2019ൽ ഇതേ ദൃശ്യങ്ങൾ രാജസ്ഥാനിൽ നിന്നുള്ള കൊലപാതകം എന്ന പേരിലും പ്രചരിച്ചിരുന്നു. അന്ന്, ഹിന്ദു പെൺകുട്ടിയെ മുസ്ലിംകൾ ചേർന്ന് കൊലപ്പെടുത്തുന്നു എന്ന പേരിലായിരുന്നു വിദ്വേഷ പ്രചാരണം.

കടപാട്: മാധ്യമം ഓൺലൈൻ

Most Popular

error: