അജ്ഞാത മൃതദേഹം ചുരുളഴിച്ചത് ക്രൂരകൊലപാതകം; കൊന്നത് ഭാര്യയും കാമുകനും, മൃതദേഹം കളഞ്ഞത് 800 KM അകലെ

0
4137

ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിലെ കാപ്പിത്തോട്ടത്തിൽനിന്ന് കത്തിയ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെ തിരിച്ചറിയാൻ പോലീസ് നടത്തിയ ശ്രമം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥയിലേക്ക്. ഒരാഴ്ചമുൻപ് കാണാതായ രമേഷ് (54) എന്ന ബിസിനസുകാരന്റേതാണ് മൃതദേഹം. ഇയാളുടെ ഭാര്യ നിഹാരിക (29), കാമുകനും മൃഗഡോക്ടറുമായ നിഖിൽ, സുഹൃത്ത് അങ്കുർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. മൂവരും അറസ്റ്റിലായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുടകിലെ സുന്തിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിൽ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മരിച്ചതാരെന്ന് തിരിച്ചറിയുന്നതിന്റെ ഭാഗമായി പ്രദേശത്ത് വന്നുപോയ വാഹനങ്ങൾ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ അവർ പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ ഒരു മെഴ്സിഡസ് ബെൻസ് കാർ അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പതിഞ്ഞു. രമേഷ് എന്നയാളുടേതാണ് ഈ കാറെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നും മനസിലാക്കി. തുടർന്ന് കുടക് പോലീസ് കാറിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനായി തെലങ്കാന പോലീസിനെ ബന്ധപ്പെട്ടു.

അന്വേഷണം പുരോഗമിക്കവേ രമേഷിന്റെ കൊലപാതകത്തിനു പിന്നിൽ നിഹാരികയ്ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടു. തുടർന്ന് നിഹാരികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. അത്ര സുഖകരമല്ലാത്ത ബാല്യമായിരുന്നു നിഹാരികയുടേതെന്ന് പോലീസ് കണ്ടെത്തി. നിഹാരികയ്ക്ക് 16 വയസുള്ളപ്പോൾ അച്ഛൻ മരിക്കുകയും അമ്മ മറ്റൊരു വിവാഹംകഴിയ്ക്കുകയും ചെയ്തു. എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ നിഹാരിക ജോലിചെയ്യാനാരംഭിച്ചു. വിവാഹം കഴി‍ഞ്ഞ് കുട്ടിയായതിനുശേഷം ബന്ധം വേർപെടുത്തി. ഇതിനിടയിൽ ഹരിയാനയിൽവെച്ച് സാമ്പത്തിക തട്ടിപ്പുനടത്തിയതിന് ജയിലിലായി. ഇവിടെ വെച്ചാണ് രമേഷിനെ കൊലപ്പെടുത്തിയ കേസിലുൾപ്പെട്ട അങ്കുറുമായി നിഹാരിക പരിചയത്തിലായത്.

ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം വിവാഹം കഴിച്ചതാണ് രമേഷിനെ. രമേഷിന്റേയും രണ്ടാം വിവാഹമായിരുന്നു ഇത്. വ്യവസായിയായ രമേഷിനൊപ്പം ആർഭാടപൂർണമായ ജീവിതമായിരുന്നു നിഹാരിക നയിച്ചത്. ഇതിനിടയിൽ നിഖിലുമായി അടുപ്പം സ്ഥാപിച്ച നിഹാരിക രമേഷിനോട് എട്ടുകോടി രൂപ ആവശ്യപ്പെട്ടു. ഇത് നൽകാൻ രമേഷ് വിസമ്മതിച്ചത് അവരെ പ്രകോപിപ്പിച്ചു. രമേഷിന്റെ സമ്പത്ത് ലക്ഷ്യമിട്ടാണ് നിഹാരികയും കൂട്ടരും ചേർന്ന് അയാളെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഉപ്പലിൽവെച്ച് ശ്വാസം മുട്ടിച്ചാണ് രമേഷിനെ നിഹാരികയും കൂട്ടാളികളുംചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് സ്വന്തം താമസസ്ഥലത്തെത്തിയ പ്രതികൾ പണം എടുക്കുകയും ബെംഗളൂരുവിലേക്ക് കാറോടിച്ച് പോവുകയും ചെയ്തു. പിന്നീടവർ ഉപ്പലിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള കുടകിലേക്ക് പോവുകയും ഒരു കാപ്പിത്തോട്ടത്തിൽ മൃതദേഹം കത്തിക്കുകയുംചെയ്തു. മൃതദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് തീകൊളുത്തുകയായിരുന്നുവെന്നും തുടർന്ന് മൂവരും ഹൈദരാബാദിലേക്ക് മടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. ഇതിനുശേഷമാണ് നിഹാരിക രമേഷിനെ കാണാനില്ലെന്ന് പരാതി നൽകിയത്.

ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസായിരുന്നു ഇതെന്ന് കുടക് പോലീസ് മേധാവി രാമരാജൻ പ്രതികരിച്ചു. തുംകൂർ വരെയുള്ള 500 സിസിടിവി ക്യാമറകൾ പരിശോധിച്ചതാണ് കേസിൽ വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞു. നിഹാരികയാണ് കേസിലെ പ്രധാനപ്രതിയെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക