‘90 ദിവസം തികയുംമുൻപ് താലിയറുക്കും’, 88–ാം ദിവസം കൊലപാതകം: കേരളത്തെ ഞെട്ടിച്ച തേങ്കുറുശ്ശി ദുരഭിമാനക്കൊല

0
1766

ഇതരജാതിയിൽപ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തിലാണ് പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 2020 ക്രിസ്മസ് ദിനത്തിൽ വിധിവിവാഹത്തിന്റെ 88–ാം ദിവസമായിരുന്നു കൊലപാതകം. വിവാഹശേഷം പലപ്പോഴായി അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനു മുൻപു താലിയറുക്കുമെന്ന് പ്രഭുകുമാർ മകളെ ഭീഷണിപ്പെടുത്തിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സാക്ഷര കേരളമെന്ന അഭിമാനച്ചൊല്ലിനെ അപമാനിച്ച അരുംകൊലയായിരുന്നു തേങ്കുറുശിയിലേത്. മകൾ ഹരിത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഇതരജാതിയിൽപ്പെട്ട അനീഷിനെ വിവാഹം കഴിച്ചപ്പോൾ അച്ഛന്റെയും അമ്മാവന്റെയും ഭീഷണിയെത്തി: ‘നിന്റെ താലിക്ക് 90 ദിവസം ആയുസ്സുണ്ടാകില്ല’. അച്ഛനും അമ്മാവനും ജാതിഭ്രാന്തിൽ പറഞ്ഞ വാക്ക് ‌യാഥാർഥ്യമാക്കിയപ്പോൾ ഹരിത തീരാക്കണ്ണീരിലേക്ക് വീണു.

പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും അനീഷിന്റെ കുടുംബാംഗങ്ങൾക്കു ധനസഹായം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പട്ടിരുന്നു. പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികൾക്കും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചത്. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവങ്ങളിൽ അപൂർവം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്കു പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖൻ, കെ.രാധ എന്നിവർ ആവശ്യപ്പെട്ടു.

വിവാദമായ കേസ് അന്വേഷിച്ചതു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സി.സുന്ദരനാണ്. അനീഷിന്റേതു ദുരഭിമാനക്കെ‍ാലയെന്നു വ്യക്തമാക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോൺ 2024 മാർച്ചിൽ കുറ്റപത്രം സമർപ്പിച്ചു. ഹരിത, അനീഷിന്റെ സഹോദരൻ അരുൺ എന്നിവർ ഉൾപ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. കേസിൽ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞതായി പ്രോസിക്യൂഷൻ അഭിഭാഷകൻ പി.അനിൽ പറഞ്ഞു.

അതേസമയം, വിധിയിൽ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിതയും അനീഷിന്റെ പിതാവും പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചത്. തനിക്കെതിരെയും വീട്ടുകാരിൽനിന്ന് ഭീഷണിയുണ്ടായെന്ന് ഹരിത പ്രതികരിച്ചു. തന്നെയും കൊല്ലുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. മകനുനേരെയുണ്ടായ ക്രൂരതയിൽ ഈ വിധി പോരെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും.

മാധ്യമങ്ങൾക്കുമുന്നിൽ ഹരിതയും അനീഷിന്റെ മാതാവും പൊട്ടിക്കരഞ്ഞു. ഹരിതയെ സ്നേഹിച്ചു വിവാഹം കഴിച്ച തെറ്റുമാത്രമേ ചെയ്തിട്ടുള്ളൂവെന്നും ശിക്ഷ മതിയായതല്ലെന്നും മാതാവ് പറഞ്ഞു. കുറ്റവാളികൾ ചിരിച്ചുകൊണ്ടാണ് കോടതിയിൽ നിന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും പിതാവ് പറഞ്ഞു. പ്രതികൾ പുറത്തിറങ്ങിയാൽ തന്നെയും അനീഷിന്റെ വീട്ടുകാരെയും അപായപ്പെടുത്തും. പ്രതികൾക്കെതിരെ എല്ലാ തെളിവുകളും ഉണ്ടായിരുന്നുവെന്നും കുടുംബം പ്രതികരിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക