പോളിയോ നിർമാർജന പദ്ധതികൾക്കായി സഊദി അറേബ്യ 40 മില്യൺ ഡോളർ നിക്ഷേപിച്ചു

0
457

റിയാദ്: പോളിയോ നിർമാർജന പദ്ധതികൾക്കായി സൗദി അറേബ്യ 40 മില്യൺ ഡോളർ നിക്ഷേപിക്കുന്നു.
വികസിത രാജ്യങ്ങളിൽ പോളിയോയെ ചെറുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി സൗദി അറേബ്യ 39.114 മില്യൺ ഡോളറിൻ്റെ 15 പദ്ധതികൾ നടപ്പാക്കി.

പലസ്തീൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, ഇറാഖ്, പാകിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് വഴി നിക്ഷേപിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്.

ഈ പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ രക്ഷാ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിലും സൗദി അറേബ്യ പ്രാധാന്യം നൽകുന്നുണ്ട്.

33 അംഗരാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പോളിയോയിൽ നിന്ന് സംരക്ഷിക്കുന്നതിനും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനും പ്രതിവർഷം 370 ദശലക്ഷം കുട്ടികൾക്ക് സൗദി അറേബ്യ 600 മില്യൺ ഡോളർ ഇതിനകം നൽകി.

ഏറ്റവും കൂടുതൽ ബാധിത പ്രദേശങ്ങളിൽ പോളിയോ വാക്സീനുകൾ നൽകുന്നതിന് പിന്തുണ നൽകുന്ന ഗ്ലോബൽ പോളിയോ എറാഡിക്കേഷൻ ഇനിഷ്യേറ്റീവിന് അഞ്ച് വർഷത്തിനിടെ അനുവദിച്ച $500 മില്യൺ ഈ ഫണ്ടിങിൽ ഉൾപ്പെടുന്നു.

അഞ്ചാംപനി, പോളിയോ എന്നിവയ്‌ക്കെതിരെ പോരാടുന്നതിലും രാജ്യം ഗണ്യമായ മുന്നേറ്റം നടത്തി. യുനിസെഫ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഗ്ലോബൽ അലയൻസ് ഫോർ വാക്‌സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ 57.67 ദശലക്ഷം ഡോളർ സംഭാവന നൽകി.

കൂടാതെ മൊത്തം 15 ദശലക്ഷം ഡോളർ മുതൽമുടക്കിൽ പോളിയോ, മീസിൽസ് നിർമ്മാർജ്ജന പദ്ധതികൾ പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്.
2016-ൽ കെഎസ്‌റെലീഫ് 15,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സീനുകളും 15,000 ഡോസ് പോളിയോ വാക്‌സീനുകളും പലസ്തീനിയൻ ആരോഗ്യ മന്ത്രാലയത്തിന് എത്തിച്ചുനൽകിയിട്ടുണ്ട്.