അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റ്: പി. സരിൻ

0
1008

പാലക്കാട്: പി.വി അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് എല്‍ഡിഎഫ് സ്വതന്ത്രൻ പി. സരിൻ.

‘യുഡിഎഫിലെത്താൻ അൻവർ ഏത് വഴിയും സ്വീകരിക്കും. സരിനാരാണ്, അൻവറാരാണ് എന്ന് ജനങ്ങൾക്ക് മനസിലായി. രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു.

അതേസമയം പി. വി അൻവറിൻ്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വർഗീയ ശക്തികളെ പരാജയപെടുത്താൻ എല്ലാവരുടെ പിന്തുണയും ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. എതിർക്കുന്നവരെ നിശബ്ദരാക്കുകയും വേട്ടയാടുകയും ചെയ്യുന്ന സർക്കാർ നിലപാട് തുടരുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

എന്നാല്‍ എൽഡിഎഫ് – ബിജെപി ഡീലിൻ്റെ വ്യക്തമായ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പൊലീസ് നീക്കമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. രാഹുലിനെ മണ്ഡലത്തിൽ നിന്നും മാറ്റിനിർത്തി ബിജെപിയെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. പി.വി അൻവറിൻ്റെ പിന്തുണ സ്വാഗതം ചെയ്യുന്നതായും ഫിറോസ് കൂട്ടിച്ചേർത്തു.

അതേസമയം പാലക്കാട് മണ്ഡലത്തിൽ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികള്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പി.വി അൻവർ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ മേഖലകളിലായി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്.