Tuesday, 5 November - 2024

പ്രിയങ്കയെ വരവേൽക്കാൻ പതിനായിരങ്ങൾ; റോഡ് ഷോ തുടങ്ങി

കൽപ്പറ്റ: രാഹുൽ ​ഗാന്ധി കൂടിയെത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രിയങ്കയേയും രാഹുൽ ​ഗാന്ധിയേയും വരവേൽക്കാൻ എത്തിയിരിക്കുന്നത്.

ഇത്തവണ കോൺഗ്രസിന്റെയും, മുസ്‌ലിം ലീഗിന്റെയും പതാകകളുയർത്തിയല്ല വരവേൽപ്. മൂവർണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകൾ ഉയർത്തിയാണ് ഇക്കുറി പ്രവർത്തകർ നേതാക്കളെ വരവേൽക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ‘ Welcome Priyanka Gandhi ‘ പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്.

രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങൾ അടങ്ങിയ നിരവധി പ്ലക്കാർഡുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നടക്കമാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. ഇന്ദിരാ​ഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം.

രാഹുൽ‍ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ബത്തേരി സെൻ്റ് മേരീസ് കോളേജ് ​ഗ്രൗണ്ടിലെത്തിയ രാഹുൽ ​ഗാന്ധി കാർ മാർ​ഗമാണ് താമസസ്ഥലത്തേക്ക് പോയത്. തുടർന്ന് താമസസ്ഥലത്തു നിന്നും ഇരുവരും പുതിയസ്റ്റാന്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ​ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോൺഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം.

Most Popular

error: