Tuesday, 5 November - 2024

വനിതാ ഡോക്ടറെ പൊലീസുകാരന്‍ കുടുക്കിയത് ഡേറ്റിങ് ആപ് വഴി; പീഡനത്തിനു ശേഷം ഒളിവില്‍

തിരുവനന്തപുരം: കൊച്ചി സ്വദേശിനിയായ യുവഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിവില്‍ പൊലീസ് ഓഫിസര്‍ ഒളിവിലാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തമ്പാനൂര്‍ പൊലീസ്. യുവഡോക്ടറുടെ പരാതിയില്‍ സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ വിജയ് യശോദരന് എതിരെയാണ് പൊലീസ് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റര്‍ ചെയ്തത്. പലതവണ പീഡിപ്പിക്കുകയും പണവും സ്വര്‍ണവുമടക്കം കൈക്കലാക്കിയെന്നുമാണ്  ഡോക്ടറുടെ പരാതി.

വിവാഹിതനായ വിജയിന്റെ ഭാര്യയുടെ വീട് കര്‍ണാടക ഹസനിലാണ്. ഈ ഭാഗത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബലാല്‍സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് അവധിയെടുത്ത് മുങ്ങുകയായിരുന്നു. ബംബിള്‍ എന്ന ഡേറ്റിങ് ആപ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിജയ് പറഞ്ഞെങ്കിലും വിവാഹിതനാണെന്ന കാര്യം ഡോക്ടറില്‍നിന്നു മറച്ചുവച്ചു. പിന്നീട് വിവാഹം കഴിക്കാമെന്നു ഉറപ്പു നല്‍കി തമ്പാനൂരിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വിജയ് ഓടിച്ച ഡോക്ടറുടെ വാഹനം കൊട്ടാരക്കര ഭാഗത്തുവച്ച് അപകടത്തില്‍പെടുകയും ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. വിജയിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതു സംബന്ധിച്ച ചാറ്റ് ഉള്‍പ്പെടെയുള്ള തെളിവുകളും ഡോക്ടര്‍ പൊലീസിനു നല്‍കിയിരുന്നു. ഡോക്ടറില്‍നിന്നു പല തവണയായി ഇയാള്‍ സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

Most Popular

error: