ലുലു ഷെയർ: എങ്ങനെ, ആർക്കൊക്കെ വാങ്ങാം ലുലു ഓഹരി, കൂടുതൽ അറിയാം, യുഎഇയിലെ ഓഹരി വിപണികളിൽ എങ്ങനെ നിക്ഷേപിക്കാം?

0
474

പുതിയ ഓഹരിയുടമകൾക്ക് സ്വാഗതമെന്ന് യൂസഫലി

കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ൽ ഒക്ടോബർ 28ന് പ്രാരംഭ ഓഹരി വിൽപനയിലേക്ക് കടക്കുകയാണ്. നവംബർ 5വരെയാണ് ഐപിഒ. നവംബർ 12ന് ഓഹരികൾ അലോട്ട് ചെയ്യും. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റും ചെയ്യും. 180 കോടി ഡോളറാണ് ഐപിഒയിലൂടെ സമാഹരിക്കാൻ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 89% ഓഹരികള്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും 10% ഓഹരികൾ ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികൾ ജീവനക്കാർക്കുമായി നീക്കിവയ്ക്കും.

ലുലുവിന്റെ ഐപിഒ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നപ്പോൾ മുതൽ നിരവധി പേർ ഉന്നയിക്കുന്ന ചോദ്യമാണ് എങ്ങനെ ലുലുവിന്റെ ഓഹരികൾ വാങ്ങാമെന്ന്. ഇന്ത്യയിൽ നിന്ന് ലുലുവിന്റെ ഓഹരികൾക്കായി അപേക്ഷിക്കാനാകുമോ? വിശദാംശങ്ങൾ നോക്കാം:

ഓഹരി ആർക്കൊക്കെ വാങ്ങാം?

യുഎഇ പൗരന്മാർക്കും യുഎഇയിലെത്തി ജോലി ചെയ്യുന്ന മറ്റു രാജ്യക്കാർക്കുമാണ് ഐപിഒയിൽ പങ്കെടുക്കാനാകുക. ലുലു റീറ്റെയ്ൽ ഓഹരികൾ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് (എഡിഎക്സ്) ലിസ്റ്റ് ചെയ്യുന്നത്. എഡിഎക്സിൽ നിന്ന് ലഭിച്ച നാഷണൽ ഇൻവെസ്റ്റർ നമ്പർ (എൻഐഎൻ) ഉള്ളവർക്കേ ഐപിഒയിൽ പങ്കെടുക്കാനാകൂ. യുഎഇയിൽ ബാങ്ക് അക്കൗണ്ടും നിർബന്ധം. ഇന്ത്യയിലെ ഡിമാറ്റ് അക്കൗണ്ടിന് സമാനമാണ് എൻഐഎൻ. ദുബായ് സ്റ്റോക്ക് എക്സ്ചേ‍ഞ്ചിലെ (ഡിഎഫ്എം) ഐപിഒ, ഓഹരി നിക്ഷേപങ്ങൾക്ക് ദുബായ് സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയിൽ (സിഎസ്ഡി) നിന്നുള്ള എൻഐഎൻ ആണ് വേണ്ടത്.

എങ്ങനെ നേടാം എൻഐഎൻ?

ഐപിഒയിൽ പങ്കെടുക്കാൻ, ഓഹരികൾ വാങ്ങാനും വിൽക്കാനും, നിക്ഷേപത്തിന്റെ തൽസ്ഥിതി അറിയാൻ തുടങ്ങിയവയ്ക്കെല്ലാം എൻഐഎൻ വേണം. എൻഐഎൻ എന്നത് ഒരു തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ) നമ്പറാണ്. എഡിഎക്സിന്റെ അബുദാബി, അൽ ഐൻ, ഷാർജ എന്നിവിടങ്ങളിലെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങളിൽ നിന്ന് എൻഐഎൻ നേടാം. അല്ലെങ്കിൽ എഡിഎക്സ് അംഗീകൃത ബ്രേക്കറേജ് സ്ഥാപനങ്ങളെ സമീപിച്ചും എൻഐഎൻ സ്വന്തമാക്കാം. പുറമേ എഡിഎക്സിന്റെ സമി (Sahmi) എന്ന മൊബൈൽ ആപ്പ് വഴിയും എൻഐഎൻ ലഭിക്കും.

ഏതൊക്കെ രേഖകൾ വേണം?

യുഎഇ പൗരന്മാർക്ക് അസ്സൽ എമിറേറ്റ്സ് ഐഡി കാർഡോ യുഎഇ പാസോ (UAE Pass) സമർപ്പിച്ച് എളുപ്പത്തിൽ എൻഐഎൻ നേടാം. വിദേശികൾക്ക് നാഷണൽ ഐഡി കാർഡും പാസ്പോർട്ടും വേണം. എൻഐഎൻ ലഭിക്കാൻ ബാങ്ക് അക്കൗണ്ടും അനിവാര്യമാണ്. ഇത് ജോയിന്റ് അക്കൗണ്ടാകരുത്. നിക്ഷേപ ഇടപാടുകൾ നടത്താനും പിന്നീട് ഡിവിഡന്റ് (ലാഭവിഹിതം) നേടാനും ബാങ്ക് അക്കൗണ്ട് വേണം. കെവൈസി വിവരങ്ങളും നിശ്ചിത ഫീസും നൽകി അപേക്ഷിക്കാം. രേഖകൾ പരിശോധിക്കുന്ന അതോറിറ്റി, നിശ്ചിത പ്രവർത്തിദിനങ്ങൾക്കുള്ളിൽ എൻഐഎൻ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

ലുലു ഗ്രൂപ്പിലേക്ക് പുതിയ ഓഹരി ഉടമകളെ സ്വാഗതം ചെയ്യുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഒക്ടോബർ 28ന് ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1974ലാണ് ലുലുവിന്റെ തുടക്കം. യുഎഇയിൽ സംഘടിതവും ലോകോത്തരവുമായ ഷോപ്പിങ് റീറ്റെയ്ൽ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ ജിസിസിയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീറ്റെയ്ൽ ശൃംഖലകളിലൊന്നുമാണ് ലുലു.

പുതിയ ഓഹരിയുടമകൾക്ക് സ്വാഗതമെന്ന് യൂസഫലി

ലുലു ഗ്രൂപ്പിലേക്ക് പുതിയ ഓഹരി ഉടമകളെ സ്വാഗതം ചെയ്യുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഒക്ടോബർ 28ന് ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1974ലാണ് ലുലുവിന്റെ തുടക്കം. യുഎഇയിൽ സംഘടിതവും ലോകോത്തരവുമായ ഷോപ്പിങ് റീറ്റെയ്ൽ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ ജിസിസിയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീറ്റെയ്ൽ ശൃംഖലകളിലൊന്നുമാണ് ലുലു. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം ലുലു ഗ്രൂപ്പിന് യുഎഇയും സഊദി അറേബ്യയും ഉൾക്കൊള്ളുന്ന ജിസിസിയിൽ 240 സ്റ്റോറുകളുണ്ട്. 116 ഹൈപ്പർമാർക്കറ്റുകളും 102 എക്സ്പ്രസ് സ്റ്റോറുകളും 22 മിനി മാർക്കറ്റുകളും ഇതിലുൾപ്പെടുന്നു. യുഎഇയിൽ മാത്രം 103 സ്റ്റോറുകൾ. സൗദിയിൽ 56. മറ്റ് ജിസിസി രാഷ്ട്രങ്ങളിൽ 81 എണ്ണവും പ്രവർത്തിക്കുന്നു. ലുലു ഗ്രൂപ്പിന് ആകെ 70,000ഓളം ജീവനക്കാരുമുണ്ട്. 2023ൽ 5.6% വാർഷിക വളർച്ചയോടെ ലുലു ഗ്രൂപ്പ് 730 കോടി ഡോളർ (61,320 കോടി രൂപ) വരുമാനം നേടിയിരുന്നുവെന്ന് കമ്പനിയുടെ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. 

ഈവർഷത്തിന്റെ ആദ്യപകുതിയിൽ വരുമാനം മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 5.6% മെച്ചപ്പെട്ട് 390 കോടി ഡോളറാണ് (32,760 കോടി രൂപ). നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 2023ൽ 7.2 ശതമാനവും 2024ന്റെ ആദ്യപകുതിയിൽ 4.3 ശതമാനവും വർധിച്ചുവെന്നതും നേട്ടമാണ്.