ജിദ്ദ: മൂന്നര പ്പതിറ്റാണ്ടിലേറെ നീണ്ട ധന്യമായ പ്രവാസത്തിന് വിരാമം കുറിച്ച് മലപ്പുറം കിഴിശ്ശേരി – കുഴിമണ്ണ സ്വദേശി കരീക്കുന്നൻ അബ്ദുൽ ഗഫൂർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദയിലെ ബവാദി ശാരാ ഹിറയിലെ ഇസ്തിഖ്ബാൽ കമ്പനി ജീവനക്കാരനാണ്. ഇത്രയും നീണ്ട കാലം ഒരേ സ്ഥാപനത്തിൽ തന്നെയാണ് ഇദ്ദേഹം ജോലി ചെയ്തത്.
ജോലിത്തിരക്കുകൾക്കിടയിലും മത, സാമൂഹ്യ, ജീവ കാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഗഫൂർ ഹാജി ബവാദി – റബ്‌വ ഏരിയ എസ്.ഐ.സി, റബ്‌വ ഏരിയ കെ.എം.സി.സി എന്നീ സംഘടനകളുടെ നേതൃ നിരയിൽ പ്രവർത്തിക്കുന്നു. കൂടാതെ, കുഴിമണ്ണ മഹല്ല് – മദ്രസ കമ്മിറ്റികളുടെ പ്രധാന ഭാരവാഹിത്വവും വഹിക്കുന്നുണ്ട് . സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ഗഫൂർ ഹാജിക്ക് ദേശ- ഭാഷ ഭേദമന്യേ വിശാലമായ സൗഹൃദ വലയമുണ്ട്.
നീണ്ട പ്രവാസം വഴി അല്ലലും അലട്ടുമില്ലാത്ത ഒരു ജീവിതത്തിന് വഴിതുറന്ന, മറക്കാനാവാത്ത കുറെ സ്നേഹ ബന്ധങ്ങളും ഒരുപാട് ജീവിതാനുഭവങ്ങളും സമ്മാനിച്ച ഈ നാടിനോടും ഭരണാധികാരികളോടും ഏറെ നന്ദിയും കടപ്പാടും ഗഫൂർ ഹാജി മനസ്സിൽ സൂക്ഷിക്കുന്നു. ഒപ്പം , ഒരു ജീവനക്കാരൻ എന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെ സ്നേഹവും പരിഗണനയും തന്ന് ചേർത്ത് പിടിച്ച കഫീലിനെയും കുടുംബത്തെയും നന്ദിയോടെ സ്മരിക്കുന്നു.
ജൈവകൃഷിയുടെ പ്രചാരകനായ ഗഫൂർ ഹാജി വർഷങ്ങളായി താമസ സ്ഥലത്തെ ടെറസിൽ നല്ലൊരു ജൈവ പച്ചക്കറി തോട്ടം ഒരുക്കി നൂറുമേനി വിളയിച്ചിട്ടുണ്ട്. നവംബർ ആദ്യ വാരം നാട്ടിലേക്ക് മടങ്ങുന്ന ഗഫൂർ ഹാജിക്ക് നാട്ടുകാരായ സുഹൃത്തുക്കൾ യാത്രയയപ്പ് സംഘടിപ്പിക്കുന്നുണ്ട്.