‘സതീശന്റെ അത്ര ബുദ്ധിയില്ല, അത്ര പൊട്ടനുമല്ല; പാലക്കാട് തോൽവി ഉറപ്പായി’

0
1886

മലപ്പുറം: പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവി ഉറപ്പായതാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തനിക്കെതിരെ തിരിയാൻ കാരണമെന്നു പി.വി.അൻവർ. പ്രകോപിപ്പിച്ച് എന്തെങ്കിലും പറയിപ്പിച്ച് ബിജെപി വിജയത്തിന്റെ പാപഭാരം തനിക്കു മേൽ ആരോപിക്കാനാണു സതീശന്റെ ശ്രമം. എനിക്ക് സതീശന്റെയത്ര ബുദ്ധിയില്ല. അത്ര പൊട്ടനുമല്ല. അദ്ദേഹം പഠിച്ചതിനേക്കാൾ വലിയ രാഷ്ട്രീക്കളികൾ പഠിച്ചും കളിച്ചുമാണു ഞാൻ വരുന്നതെന്നു അൻവർ പറഞ്ഞു. 

സതീശനുമായി നേരിൽ ചർച്ച നടത്തിയിരുന്നു. തനിക്ക് പറയാനുള്ളതു പറഞ്ഞു. അതിനുള്ള ബുദ്ധിമുട്ട് അവർ അറിയിച്ചു. രാഹുലിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കിയാൽ പിന്തുണയ്ക്കാമെന്നറിയിച്ചിരുന്നു. കോൺഗ്രസുമായി ചർച്ച നടക്കുന്നു. കോൺഗ്രസിന്റെ കാര്യം പറയേണ്ടതു കെപിസിസി പ്രസിഡന്റാണ്. സതീശൻ വിഢ്ഢികളുടെ സ്വർഗത്തിലാണോ?. ചേലക്കരയിൽ സുധീറിനു ജനം വോട്ടു ചെയ്യുമെന്നും അതിനു സതീശൻ തന്റെ നെഞ്ചത്തേക്കു കയറേണ്ടെന്നും അൻവർ പറഞ്ഞു.