ന്യൂഡൽഹി: മദ്റസകൾ അടച്ചുപൂട്ടണമെന്നും മദ്റസ ബോർഡുകൾക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഈ നിർദേശവുമായി ദേശീയ ബാലാവകാശ കമീഷൻ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ തുടർനടപടിയെടുക്കരുതെന്ന് കോടതി നിർദേശിച്ചു. ഈ കത്തിനെ തുടർന്ന് യു.പി, ത്രിപുര സർക്കാറുകൾ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.
ബാലാവകാശ കമീഷന്‍റെ കത്തിനെ അടിസ്ഥാനമാക്കി യു.പി സർക്കാർ മദ്റസകൾക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ഇതിനെ എതിർത്താണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഹരജി നൽകിയത്. തുടർന്ന്, ബാലാവകാശ കമീഷന്‍റെ ഉത്തരവ് നടപ്പാക്കരുതെന്ന് നിർദേശിച്ച കോടതി യു.പി, ത്രിപുര സർക്കാറുകൾ സ്വീകരിച്ച നടപടികളും സ്റ്റേ ചെയ്യുകയായിരുന്നു.
മദ്റസകളിലെ അധ്യയനരീതി വിദ്യാർഥികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമീഷൻ (എൻ.സി.പി.സി.ആർ) വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നത്.
മദ്റസകളുടെ പ്രവർത്തനത്തെക്കുറിച്ച് കമീഷൻ പഠിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ ഇളവുകൾ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസം അന്യമാക്കുന്ന സാഹചര്യമുണ്ടാക്കിയെന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം ഉദ്ദേശ്യലക്ഷ്യത്തിനപ്പുറം അധഃസ്ഥിതാവസ്ഥക്കും വിവേചനത്തിനും കാരണമായി.





