മലപ്പുറം: പരലോകത്തും ഇഹലോകത്തും തന്നെ തോല്‍പ്പിക്കാന്‍ കെ.എം ഷാജിക്കോ, ഷാജിയുടെ പാര്‍ട്ടിക്കോ കഴിയില്ലെന്ന് കെ.ടി ജലീല്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കെ.ടി ജലീല്‍ പരിഹാസച്ചുവയോടെ കെ.എം ഷാജിയെ വെല്ലുവിളിച്ചത്. മലപ്പുറം ജില്ലയിലെ ഏതു മണ്ഡലത്തിലും ഷാജിക്കെതിരെ മത്സരിക്കാന്‍ കെ.ടി ജലീലിനെ വെല്ലുവിളിച്ചതിനു മറുപടിയായിട്ടാണ് ഈ ഫേസ്ബുക് പോസ്റ്റ്. മുസ്ലിം ലീഗില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഷാജി തുടര്‍ന്നുപോന്നിരുന്ന മത്സരവും പാര്‍ട്ടിയില്‍ നിന്ന് തന്നെ പുകച്ചുപുറത്താക്കിയ വിധവും ജലീല്‍ എഫ്.ബി പോസ്റ്റിലൂടെ വിശദമാക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡോ: എം.കെ മുനീര്‍ പ്രസിഡണ്ടും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ട്രഷറര്‍ ആയിരുന്നു കെ.എം ഷാജി. മലപ്പുറം ജില്ലയിലെ ഏത് മണ്ഡലത്തിലാണെങ്കിലും എന്നെ മല്‍സരിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചതായി കേട്ടു. ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ 2006-ല്‍ ഇടതുപക്ഷ രഥത്തിലേറി തുടങ്ങിയ തേരോട്ടം 18 വര്‍ഷം പിന്നിട്ടു. 2026 ആകുമ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയാകും.
39-ാമത്തെ വയസ്സില്‍ സ്വന്തം നാടായ കുറ്റിപ്പുറത്ത് ചരിത്ര വിജയം. 49-ാം വയസ്സില്‍ തദ്ദേശ സ്വയം ഭരണ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് മന്ത്രി. 52-ാം വയസ്സില്‍ കേരളത്തിന്റെ പ്രഥമ ഉന്നതവിദ്യാഭ്യാസ മന്ത്രി. 2021-ല്‍ ഒരു ചാരിറ്റി മാഫിയാ തലവനെ ഇറക്കി നാലാമങ്കത്തില്‍ മുട്ടുകുത്തിക്കാന്‍ BJP യുമായി ചേര്‍ന്ന് ലീഗ്-കോണ്‍ഗ്രസ്സാദികള്‍ നടത്തിയ 18 അടവിനെയും അതിജീവിച്ച്, അങ്കത്തട്ടില്‍ മിന്നുന്ന നാലാം ജയം.
മലപ്പുറത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നാല് തവണ തുടര്‍ച്ചയായി ജയിക്കുന്ന ആദ്യ ഇടതുപക്ഷക്കാരന്‍. ആ എന്നെയാണ് താമരശ്ശേരി ചുരമിറങ്ങി വന്ന് കെ. എം ഷാജി വയനാട് വെല്ലുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അഴീക്കോട്ട് ചെന്ന് മത്സരിക്കാന്‍, എന്റെ പഴയ സുഹൃത്ത് വെല്ലുവിളിച്ചിരുന്നു. അതേ അഴീക്കോട്ട് ഷാജി തോറ്റ് തുന്നം പാടിയത് കന്നി മല്‍സരത്തിനിറങ്ങിയ സുമേഷിനോടാണ്. ലീഗില്‍ നിന്ന് എന്നെ പുറത്താക്കാന്‍ ഷാജി കരുക്കള്‍ നീക്കിയത് എന്നെക്കാള്‍ മുമ്പ് MLA ആവുക എന്ന ദുര്‍ലാക്കോടെയാണ്.
മിസ്റ്റര്‍ ഷാജീ, ആ സ്വപ്നം പൂവണിഞ്ഞില്ല. ഞാന്‍ കുറ്റിപ്പുറത്ത് നിന്ന് ജയിച്ച് നിയമസഭയില്‍ എത്തിയ തെരഞ്ഞെടുപ്പില്‍, 28000 വോട്ടിന് ഇരവിപുരത്ത് തോറ്റ് തുന്നം പാടി വീട്ടിലിരിക്കാനായിരുന്നു ടിയാന്റെ വിധി. 2011-ല്‍ ഷാജി MLA യായി സഭയിലെത്തിയ കാലത്ത് ലീഗിലെ എന്‍ ഷംസുദ്ദീന്‍ MLA-യെ സാക്ഷിയാക്കി നിയമസഭക്കകത്ത് വെച്ച് ഷാജിയോട് ഞാന്‍ പറഞ്ഞു: ‘എന്നെക്കാള്‍ മുമ്പ് MLA-യാകാനാണ് നീ എന്നെ ലീഗില്‍ നിന്ന് പുറത്താക്കിച്ചത്. എന്നിട്ടെന്തായി? നിന്നെക്കാള്‍ മുമ്പ് ഞാന്‍ സഭയില്‍ എത്തി. നീ എഴുതി വെച്ചോ! നിന്നെക്കാള്‍ മുമ്പ് ഞാന്‍ മന്ത്രിയുമാകും’. അതും യാഥാര്‍ത്ഥ്യമായി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാന്‍ സ്വയം പ്രഖ്യാപിച്ച ശേഷമാണ്, വയനാട്ടുകാരന്റെ പുതിയ വെല്ലുവിളി. എന്റെ ചെലവില്‍ മലപ്പുറത്ത് മല്‍സരിക്കാന്‍ തല്‍ക്കാലം മിനക്കെടേണ്ട. രണ്ടു തവണ തന്നെ വിജയിപ്പിച്ച അഴീക്കോട്ട്, അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ത്രാണിയില്ലാത്ത ഷാജി, ആദ്യം കണ്ണുവെച്ചത് കാസര്‍കോട്ടാണ്. അവിടത്തുകാര്‍ക്ക് ഷാജിയെ ശരിക്ക് അറിയാമെന്നുള്ളത് കൊണ്ട് അവര്‍ ഒറ്റയടിക്ക് ‘നോ’ പറഞ്ഞു. പിന്നെ നോക്കിയത് കൊടുവള്ളിയാണ്. അവിടം വിട്ട് മുനീര്‍ സാഹിബ് എങ്ങോട്ട് പോകും? അപ്പോഴാണ് ടിയാന്റെ മനസ്സില്‍ മലപ്പുറത്തേക്ക് വരാനുള്ള മോഹം കലശലായത്.
റിംഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുഹമ്മദലി ക്ലേയെ ‘ഇടിമല്‍സരത്തിന്” വെല്ലുവിളിച്ച ധാരാസിംഗിനെ പോലെയായി ഷാജിയുടെ പോര്‍വിളി. നാല് അവസരം തന്നിട്ട് നാലിലും തോറ്റവരുടെ അട്ടഹാസം പരിഹാസ്യമാണ്. ഇഹലോകത്ത് എന്നെ തോല്‍പ്പിക്കാന്‍ ഷാജിക്കോ ഷാജിയുടെ പാര്‍ട്ടിക്കോ ആയില്ല. എന്നെ അടിയറവ് പറയിക്കല്‍, അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ പരലോകത്ത് ഒരു കൈ നോക്കാം. അവിടെയും പക്ഷെ, എന്നെ ജയിക്കാന്‍ ഷാജിക്കോ ലീഗിനോ ആവില്ല.
