രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി

0
1308

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍.ചിഹ്നത്തില്‍ അല്ലാതെ സ്വതന്ത്രനായി മത്സരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് അന്‍വര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നുവെന്നും അന്‍വര്‍ പറഞ്ഞു.

‘സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യവുമായി മുന്നണികള്‍ സമീപിച്ചു. യുഡിഎഫ് നേതാക്കളും ബന്ധപ്പെട്ടു. ഡിഎംകെ മാത്രമായി വിട്ടുവീഴ്ച ചെയ്യില്ല. എല്ലാവരും വിട്ടുവീഴ്ച്ചക്ക് തയ്യാറാകണം. പാലക്കാട് ബിജെപി ജയിച്ചാല്‍ ഉത്തരവാദി ഡിഎംകെ മാത്രമാകില്ല. ബിജെപി ജയിച്ചാല്‍ എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമുണ്ടാകും’, അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം പാലക്കാട് ചിത്രത്തിലെ ഇല്ലെന്നും പി വി അന്‍വര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജാണ് പാലക്കാട് മത്സരിക്കുന്നത്. മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീര്‍ ചേലക്കരയില്‍ മത്സരിക്കുന്നു.

പാലക്കാട് സിപിഐഎമ്മിന് വേണ്ടി രംഗത്തിറങ്ങുന്നത് കെപിസിസി ഡിജിറ്റല്‍ സെല്‍ മുന്‍ അധ്യക്ഷന്‍ പി സരിനാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വയനാട്ടില്‍ യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യന്‍ മൊകേരിയും രംഗത്തിറങ്ങുന്നു. ചേലക്കരയില്‍ കോണ്‍ഗ്രസിന് വേണ്ടി മുന്‍ എംപി രമ്യ ഹരിദാസും സിപിഐഎമ്മിന് വേണ്ടി പി പ്രദീപും മത്സരിക്കുന്നു.