സൻആ: ചെങ്കടലിനു പുറമെ അറബിക്കടലിലും ആക്രമണം കടുപ്പിച്ച് ഹൂതികൾ. ഇസ്രായേലിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പൽ ഹൂതികൾ ആക്രമിച്ചു. ആക്രമണ ഭീതി നിലനിൽക്കെ ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കെയാണ് അറബിക്കടലിലേക്കും ഹൂതികൾ ഓപറേഷൻ വ്യാപിപ്പിക്കുന്നത്.
ഹൂതി സൈനിക വക്താവ് യഹ്‌യ സാരീ ആണ് പുതിയ ആക്രമണ വിവരം പുറത്തുവിട്ടത്. മാൾട്ടയുടെ പതാക വഹിക്കുന്ന മെഗാലോപോളിസ് എന്ന പേരിലുള്ള കപ്പലിനുനേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ലക്ഷ്യം കൈവരിക്കാനായെന്നും സാരി അറിയിച്ചു.
ഇസ്രായേൽ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം ലംഘിച്ചെന്നാണ് ആക്രമണത്തിനു കാരണമായി ഹൂതി വക്താവ് വിശദീകരിച്ചത്. ഗസ്സയിലും ലബനാനിലും ആക്രമണം തുടരുന്ന കാലത്തോളം ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും യഹ്‌യ സാരീ മുന്നറിയിപ്പ് നൽകി.





