കോണ്‍ഗ്രസില്‍ താന്‍ ഇടതുപക്ഷമായിരുന്നു, ഇനി ഇടതുപക്ഷത്തെ കോണ്‍ഗ്രസുകാരനാവും; പി സരിന്‍

0
742

പാലക്കാട്: സഖാവ് എന്നത് പേരിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പി സരിന്‍. കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്നത് തന്റെ അനുഭവമാണെന്നും താന്‍ ഉയര്‍ത്തിയ വിഷയം പാര്‍ട്ടിയില്‍ അനുരണനങ്ങള്‍ ഉണ്ടാക്കിയെന്നും സരിന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ ഒറ്റക്കല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. ജയിച്ചു കയറാന്‍ എനിക്ക് മൃദു ഹിന്ദുത്വ സമീപനമില്ല. പ്രവര്‍ത്തകരുടെ പിന്തുണയുടെ ബലത്തിലാണ് മുന്നോട്ട് പോകുന്നത്. ഏത് അധികാരം മോഹിച്ചാണ് 2016 ല്‍ തോറ്റ് നില്‍ക്കുന്ന കോണ്‍ഗ്രസിലേക്ക് വന്നത്.

എന്ത് അധികാരം മോഹിച്ചാണ് ഒറ്റപ്പാലം പോലുള്ള സിപിഐഎം കുത്തക മണ്ഡലത്തില്‍ മത്സരിച്ചത്.ഇടതു പക്ഷം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് മത്സരിക്കുന്നത് എന്ത് അധികാരം മോഹിച്ചാണ്. ഒറ്റപ്പാലത്ത് തനിക്കുള്ള ആത്മബലം ജയിച്ചു വന്ന പല കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഇല്ല’, സരിൻ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് പോകുന്നത് ആരാണെന്ന് നവംബര്‍ 13ന് വ്യക്തമാകും. പാലക്കാട് ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ അല്ലാത്ത സ്ഥാനാര്‍ത്ഥി ആണേലും പാലക്കാട് ഇടതുപക്ഷം വിജയിക്കും. വി ഡി സതീശന്‍ കീഴ്വഴക്കങ്ങള്‍ പൊളിച്ചെഴുതി.

വി ഡി സതീശന് രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം. മുഖ്യമന്ത്രി സ്ഥാനമാണ് വിഡി സതീശന്റെ ലക്ഷ്യം. കാത്തിരിക്കുന്ന മുഖ്യമന്ത്രിയാണെന്ന ചിന്ത വി ഡി സതീശന്റെ മനസ്സിലുണ്ട്. മുഖ്യമന്ത്രി താന്‍ തന്നെ ആകണമെന്ന് ആഗ്രഹമുണ്ട്.

വി ഡി സതീശന്‍ ഏറ്റെടുത്ത ഏത് വിഷയമാണ് പൊതുസമൂഹം ഏറ്റെടുത്തത്. വി ഡി സതീശന്റേത് ജനങ്ങളുടെ മനസ് അറിയാതെയുള്ള കോപ്രായങ്ങളാണ്. 2026 ല്‍ 71 സീറ്റില്‍ എത്തിക്കാനുള്ള വക്രബുദ്ധി വി ഡി സതീശനുണ്ട്. ഷാഫി വടകരയില്‍ മത്സരിച്ചത് വി ഡി സതീശന്റെ താല്‍പര്യ പ്രകാരമാണെന്നും പി സരിന്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് മാത്രമായാണ് വിഡി സതീശന്‍ കാണുന്നത്. ആ ചിന്ത അപകടകരമാണ്.സിപിഐഎമ്മിനെ ചാരിയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം. ഷാഫിയുടെ സ്വാധീനം ആദ്യമായി പരീക്ഷിക്കപ്പെടുകയാണ്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയത്തെ ആക്രമിക്കും.

വ്യക്തിപരമായി അക്രമിക്കില്ല. കോണ്‍ഗ്രസില്‍ താന്‍ ഇടതുപക്ഷമായിരുന്നു. ഇനി ഇടതുപക്ഷത്തെ കോണ്‍ഗ്രസുകാരനാവും. സിപിഐഎം കൊടി പിടിക്കുന്നതില്‍ അഭിമാനിക്കും. ചിഹ്നത്തില്‍ മത്സരിക്കുന്നത് അഭിമാനവും അന്തസ്സുമാണെന്നും പി സരിന്‍ കൂട്ടിച്ചേര്‍ത്തു.