മുംബൈ: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ തുടരുന്നു. ഇന്ന് അഞ്ച് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് വിസ്താര വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി വന്നു. ഈ ആഴ്ച ഇതുവരെ ഒരു ഡസനിലേറെ വ്യാജ ബോംബ് ഭീഷണികളാണ് വന്നത്.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ലാന്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് ബോംബ് ഭീഷണി വന്നത്. ഇതേ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഓണ്‍ ബോര്‍ഡ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ഇതിനായി പൈലറ്റുമാര്‍ സ്‌ക്വാകിങ് 7700 എന്ന കോഡ് ഉപയോഗിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരം അറിയിക്കാനായി ഉപയോഗിക്കുന്ന കോഡുകളില്‍ ഒന്നാണിത്. ഈ സമയം ഈസ്റ്റ് ഇംഗ്ലണ്ടിന് മുകളിലായിരുന്നു വിമാനം.
യുകെ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് എഐ129 വിമാനം ലണ്ടനില്‍ ഇറങ്ങേണ്ടിയിരുന്നത്. ലാന്റിങിന് ഒരു മണിക്കൂര്‍ മുമ്പാണ് എയര്‍ഇന്ത്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് സ്‌ക്വാകിങ് 7700 പിന്‍വലിക്കുകയും ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങി. ബോംബ് ഭീഷണിയെ തുടര്‍ന്ന് 147 യാത്രികരുമായി പോയ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയ ഉടന്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതേസമയം തന്നെ ഇസ്താംബൂളില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ 6ഇ 18 വിമാനത്തിന് നേരെയും ഭീഷണി വന്നു.
നാല് ദിവസങ്ങള്‍ക്കിടെ 20 ഓളം ഇന്ത്യന്‍ വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി വന്നത്. വിഷയം ഗൗരവത്തിലെടുത്ത വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14 ന് നാല് വിമാനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ ഒരു കൗമാരക്കാരനാണെന്ന് മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും തുടരുന്ന മറ്റ് ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
