ദിവ്യക്കെതിരെ നടപടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

0
1528

ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108, 10 വർഷം വരെ തടവ് ലഭിക്കാം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നിന്ന് നീക്കി. എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

‘കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്.

അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108, 10 വർഷം വരെ തടവ് ലഭിക്കാം

കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നിര്‍ണായക നീക്കങ്ങളിലേക്ക് കടന്നത്.

നവീന്‍ ബാബുവിന്‍റെ മരണത്തിന് പിന്നാലെ അസ്വഭാവിക മരണത്തിന് കേസ് എടുത്തിരുന്ന പൊലീസ് ആദ്യഘട്ടത്തിൽ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. നിലവില്‍ ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുളളതെങ്കിലും കൂടുതല്‍ പേര്‍ പ്രതികളാകാനും സാധ്യതയുമുണ്ട്. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്‍റെ കുടുംബം പരാതിയും നല്‍കിയിരുന്നു.

പ്രശാന്ത് അടക്കമുള്ളവർക്കെതിരെ കേസ് നീങ്ങുമെന്നാണ് വ്യക്തമാകുന്നത്. ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തിലും ദിവ്യയെ അറസ്റ്റ് ചെയ്യുന്നതടക്കമുളള കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്.