ഹമാസിന് അടുത്ത ദുരന്തമായി ഇസ്റാഈലിന്റെ പ്രഖ്യാപനം. നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്റാഈൽ അറിയിച്ചു. ഇസ്റാഈൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയാണ് ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയത്. റഫയിലെ തല്‍ അല്‍സുല്‍ത്താന്‍ ഏരിയയില്‍ യഹ്‌യ അല്‍സിന്‍വാറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും ഇസ്റാഈൽ സൈന്യം പുറത്തുവിട്ടു.
“ഗാസയിൽനിന്നുള്ള യഹ്യ സിൻവറിനെ ഓഗസ്റ്റിലാണു ഹമാസ് മേധാവിയായി നിയമിച്ചത്. ഹമാസ് മേധാവിയായിരുന്ന ഇസ്മായിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽവച്ച് ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. തുടർന്നാണു യഹ്യ സിൻവറിനെ പിൻഗാമിയായി നിയോഗിച്ചത്.
കൈബോംബുകള്‍ അടങ്ങിയ കോട്ട് ധരിച്ച നിലയിലായിരുന്നു അല്‍സിന്‍വാര്‍ എന്ന് ഇസ്റാഈൽ ചാനല്‍ 12 പറഞ്ഞു. യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇസ്റാഈൽ മന്ത്രിമാര്‍ക്ക് ലഭിച്ചതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ഹമാസ് ഭാഗത്ത് നിന്ന് യാതൊരു വിവരും പുറത്ത് വന്നിട്ടില്ല.
അല്‍സിന്‍വാറിന്റെതെന്ന് സംശയിക്കുന്ന മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക ഡി.എന്‍.എ പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും ഇതില്‍ ഒരാള്‍ അല്‍സിന്‍വാര്‍ ആണെന്നാണ് കരുതുന്നതെന്നുമാണ് ഇസ്റാഈൽ അവകാശവാദം. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പൂര്‍ണമായും ഉറപ്പിക്കാന്‍ കഴിയില്ലെന്നും ഇസ്റാഈൽ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
