മദ്രസകള്‍ അടച്ചുപൂട്ടാന്‍ പറഞ്ഞിട്ടില്ല, ധനസഹായം നിർത്താനാണ് ശുപാർശ നല്‍കിയത്’; ദേശീയ ബാലാവകാശ കമ്മീഷന്‍

0
2139

മദ്രസകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ. എന്നാൽ പാവപ്പെട്ട മുസ്‌ളീം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനാൽ മദ്രസകൾക്കുള്ള സംസ്ഥാന ധനസഹായം നിർത്താനാണ് ശുപാർശ ചെയ്തതെന്നും കനൂംഗോ വ്യക്തമാക്കി.  

വിദ്യാഭ്യാസത്തിൽ എല്ലാ കുട്ടികൾക്കും തുല്യമായ അവസരം ലഭിക്കണം. മതേതര വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനു പകരം ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള മുസ്ലീം കുട്ടികളെ സമ്മർദ്ദപൂർവം മതപഠനത്തിന് പ്രേരിപ്പിക്കുന്നു എന്നും കനൂംഗോ പറഞ്ഞു. എല്ലാ കുട്ടികൾക്കും തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾക്കായാണ് വാദിക്കുന്നതെന്നും പ്രിയങ്ക് കനൂംഗോ കൂട്ടിച്ചേർത്തു. 

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ശൂപാർശ ചെയ്തുകൊണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ  കത്തയച്ചിരുന്നു.  ഈ ശുപാർശ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തിനൊപ്പമുള്ള റിപ്പോർട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ടായിരുന്നു.

‘കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ vs മദ്രസകള്‍’ എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേർത്തിരുന്നത്. മദ്രസകൾ മതേതര മൂല്യങ്ങൾ പാലിക്കുന്നില്ല, ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ മദ്രസകളിൽ അരങ്ങേറുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.

സർക്കാർ ഫണ്ട് ഉപയോഗിച്ച് ഹിന്ദു വിഭാഗങ്ങളിലെ കുട്ടികളെയും ക്രൈസ്‌തവരെയും ഇസ്ലാം മതം പഠിപ്പിക്കേണ്ടെന്ന പ്രസ്താവനയും പ്രിയങ്ക് കനൂംഗോ നടത്തിയിരുന്നു. കേരള സർക്കാർ പണം നൽകുന്നില്ലെന്ന ചീഫ് സെക്രട്ടറിയുടെ കത്ത് പച്ചക്കള്ളമാണെന്നും പ്രിയങ്ക് കനൂംഗോ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. രൂക്ഷമായ ഭാഷയിലാണ് സംസ്ഥാനത്തെ കനൂംഗോ  വിമർശിച്ചത്.