പുതുചരിത്രമെഴുതി സ്പേസ് എക്സ്; സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റർ തിരിച്ചെത്തിച്ചു– വിഡിയോ
ടെക്‌സാസ്: ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് സ്‌പേസ് എക്‌സ്. ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി ‘മെക്കാസില്ല’ എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചുവെച്ചത്.
ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാണ് ടെക്‌സാസിലെ ബോക്കാചികയില്‍ നിന്ന് സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാ പരീക്ഷണ ദൗത്യം വിക്ഷേപിച്ചത്. രണ്ടാം സ്‌റ്റേജായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ ബഹിരാകാശത്തെത്തിക്കുന്നതിനായി സൂപ്പര്‍ ഹെവി റോക്കറ്റിലെ റാപ്റ്റര്‍ എഞ്ചിനുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ടതിന് ശേഷമാണ് സൂപ്പര്‍ഹെവി തിരിച്ചിറങ്ങിയത്.
ഇത് ആദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച സൂപ്പര്‍ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലില്‍ പതിപ്പിക്കുകയാണ് ചെയ്ത്. ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ബൂസ്റ്ററുകള്‍ ഈ രീതിയില്‍ വീണ്ടെടുക്കാറുണ്ട്. എന്നാല്‍ ഫാല്‍ക്കണ്‍ 9 ബൂസ്റ്ററുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ലെഗ്ഗുകള്‍ ഉപയോഗിച്ച് അവയെ തറയില്‍ ഇറക്കുകയാണ് പതിവ്. സ്റ്റാര്‍ഷിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ഭാരമേറിയ സൂപ്പര്‍ ഹെവി റോക്കറ്റില്‍ ഇത് പ്രായോഗികമല്ലാത്തതിനാലാവണം പ്രത്യേകം യന്ത്രക്കൈകള്‍ വികസിപ്പിച്ചത്.
സ്റ്റാര്‍ഷിപ്പിന്റെ രണ്ടാം സ്റ്റേജ് കടലില്‍ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചു. റോക്കറ്റ് തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടുണ്ട്. ആര്‍ട്ടെമിസ് ദൗത്യത്തില്‍ ഉള്‍പ്പടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്കും ചൊവ്വാ ദൗത്യങ്ങള്‍ക്കും വേണ്ടിയാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
