റിയാദ്: മാനവികതക്കും മത സൗഹാർദത്തിനും രാജ്യത്തിന് മാതൃകയായ മലപ്പുറം ജില്ലയെ ആക്ഷേപിച്ച് ദ ഹിന്ദു ദിന പത്രത്തിന് നൽകിയ അഭിമുഖം വസ്തുത വിരുദ്ധമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെ എം സി സി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പ് പൂർണ്ണമായും സംഘ് പരിവാർ നിയന്ത്രണത്തിൽ ആയതിനാൽ പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടന ശാക്തീകരണം ലക്ഷ്യമിട്ട് ആറ് മാസത്തെ ക്യാമ്പയിന് ( സ്ട്രോങ്ങ് സിക്സ് മോസ്-2024) യോഗം രൂപ രേഖ തയ്യാറാക്കി. ഇതിൻ്റെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിലെ പ്രവർത്തകർക്ക് വേണ്ടി വ്യക്തിത്വ വികസനം, കലാ കായിക മത്സരങ്ങൾ, ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി സബ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ക്യാമ്പയിൻ ഉദ്ഘാനം ഈ മാസം നടത്താനും യോഗം തീരുമാനിച്ചു. കോട്ടക്കൽ മണ്ഡലം എം എസ് എഫ് കമ്മിറ്റിയുമായി സഹകരിച്ചു യു. എ ബീരാൻ സ്മാരക സ്കോളർഷിപ് പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.