റിയാദ്: ലൈസൻസില്ലാത്ത സെലിബ്രിറ്റികളെ പരസ്യത്തിനായി ക്ഷണിച്ചതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി സഊദി അറേബ്യ. സംഭവം ശ്രദ്ധയിൽ പെട്ടതോടെ സഊദി മീഡിയ റെഗുലേഷൻ അതോറിറ്റി നിരവധി സ്ഥാപനങ്ങൾക്ക് സമൻസ് അയച്ചു.
ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ ആണ് വിഷയത്തിൽ ഇടപെട്ട് നിരവധി വാണിജ്യ സ്ഥാപനങ്ങളെ വിളിച്ചുവരുത്തി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തത്. ലൈസൻസില്ലാത്ത സെലിബ്രിറ്റികളെ പരസ്യത്തിനായി ക്ഷണിക്കുന്ന നിയമലംഘന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ അതോറിറ്റി, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സമഗ്രമായ ഒരു കാമ്പയിൻ നടത്തുന്നുണ്ട്.
സംഭവത്തിൽ സ്ഥാപന പ്രതിനിധികളെ വിളിച്ചുവരുത്തി അന്വേഷണം നടത്തിയതായും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാനായി സ്ഥാപനങ്ങള്‍ക്കെതിരായ കേസുകള്‍ പ്രത്യേക കമ്മിറ്റിക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു.