കാമുകനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; ഗോതമ്പ് മാവിൽ വിഷം കലര്‍ത്തി കൂട്ടക്കൊല

0
2064

കാമുകനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് കുടുംബാംഗങ്ങളെ മുഴുവന്‍ കൊലപ്പെടുത്തി പെണ്‍കുട്ടി. പതിമൂന്ന് കുടുംബാംഗങ്ങളെയാണ് പെണ്‍കുട്ടി വിഷം നല്‍കി കൊന്നത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. മാതാപിതാക്കളെയടക്കം കാമുകന്‍റെ സഹായത്തോടെ പെണ്‍കുട്ടി കൊലപ്പെടുത്തി.

ഖൈര്‍പുരിനു സമീപം ഹൈബാത് ഖാന്‍ ബ്രോഹി എന്ന സ്ഥലത്ത് ഓഗസ്റ്റ് 19നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. അതിലുടലെടുത്ത പകയാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. 

കാമുകനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതാണ് പെണ്‍കുട്ടിയില്‍ കുടുംബത്തോടെ അടങ്ങാത്ത പകയുണ്ടാക്കിയത്. ഭക്ഷണത്തിനു ശേഷം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 13 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 13 പേരും ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് വീട്ടില്‍ റൊട്ടിയുണ്ടാക്കിയ ഗോതമ്പുപൊടിയില്‍ വിഷം കലര്‍ത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടു. ചോദ്യംചെയ്യലില്‍ പെണ്‍കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തി. കാമുകന്‍റെ സഹായത്തോടെയാണ് കൃത്യം നടപ്പാക്കിയതെന്നും വെളിപ്പെടുത്തി. പെണ്‍കുട്ടിയും കാമുകനും അറസ്റ്റിലായി.