‘ആർഎസ്എസിന് വടികൊടുക്കുന്നു’; കെ.ടി ജലീലിനെതിരെ കാന്തപുരം വിഭാഗം

0
1730

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി ജലീൽ എംഎൽഎയുടെ പരാമർശത്തിനെതിരെ കാന്തപുരം വിഭാഗം നേതാവ് മുഹമ്മദലി കിനാലൂർ. കെ.ടി ജലീൽ ആർഎസ്എസിന് വടി നൽകുകയാണെന്ന് മുഹമ്മദലി കിനാലൂർ പറഞ്ഞു.

കുറ്റകൃത്യങ്ങളെ ഒരു സമുദായത്തിൻ്റെ തലയിൽ കെട്ടിവെക്കുന്നത് ദുരുദ്ദേശപരമാണ്. മലപ്പുറത്ത് സ്വർണക്കടത്ത് കേസിൽ പിടികൂടുന്ന 99 ശതമാനം പേരും മുസ്‍ലിംകളാണെന്നാണ് കെ.ടി ജലീലിന്റെ പ്രസ്താവന. ഈ വാദം നാളെ ദേശീയതലത്തിൽ സംഘപരിവാർ ഏറ്റെടുക്കാൻ സാധ്യതയുള്ളതാണ്. കൂടാതെ മുസ്‍ലിംകൾക്കും മലപ്പുറത്തിനുമെതിരായ കാമ്പയിനാക്കി മാറ്റാനും സാധ്യതയുണ്ട്.

മതനേതാക്കളല്ല ഈ വിഷയത്തിൽ നിലപാട് പറയേണ്ടത്. സംസ്ഥാനം ഭരിക്കുന്നവർ നിലപാട് പറയട്ടെ. ആർക്ക് വേണ്ടിയാണ് സ്വർണം കടത്തുന്നതെന്ന് അന്വേഷിക്കട്ടെ. അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകണം. അതിനായി ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിക്കാൻ ബാധ്യതയുള്ള ഒരാൾ എല്ലാ കുറ്റവും സമുദായത്തിന് മേൽ ചാർത്തുന്നത് ശരിയല്ല. ഇത് ആത്യന്തികമായി ഗുണം ചെയ്യുക സംഘപരിവാറിനായിരിക്കുമെന്നും മുഹമ്മദലി കിനാലൂർ വ്യക്തമാക്കി.