തിരുവനന്തപുരം: മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്.
അന്‍വറിന്റെ ശ്രമം മുസ്‌ലിം കേന്ദ്രീകരണത്തിനാണ്. മുസ്‌ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്‌ക്കെടുത്തു എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി. അന്‍വറിനെതിരെ കടുത്ത വിമര്‍ശനമാണ് സിപിഐഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.
പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങളാണ് അന്‍വര്‍ നടത്തുന്നത്. മഞ്ചേരിയില്‍ നാളെ നടത്തുന്ന വിശദീകരണ യോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് അന്‍വറിന്റെ തീരുമാനം. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയപാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അന്‍വര്‍ നേരത്തേ പ്രഖ്യാപിച്ചതാണ്.
പുതിയ പാര്‍ട്ടി രൂപീകരിച്ച് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ ആഞ്ഞടിക്കാനാണ് അന്‍വറിന്റെ തീരുമാനം. ഇതിനിടെയാണ് അന്‍വറിന് പിന്നാലെ ഇനി പോകേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി നിലപാട് സ്വീകരിച്ചത്.





