‘പിണറായി വിജയൻ ആരുടെ പിആർ ഏജൻസിയാണ്?’; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ‘രിസാല’

0
1140

കോഴിക്കോട്: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം വാരിക ‘രിസാല’. പിണറായി വിജയൻ ആരുടെ പിആർ ഏജൻസിയാണ് എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയലുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൃദുഹിന്ദുത്വ നിലപാടി​ലേക്ക് സിപിഎം മാറിയെന്ന് ഇതിൽ വിമർശിക്കുന്നു. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയെ സിപിഎം നിസ്സാരവത്കരിച്ചു. സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയില്ല.

‘ദ ഹിന്ദു’ ദിനപത്രത്തിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തൃപ്തികരമായ മറുപടി നൽകാൻ സിപിഎമ്മിന് സാധിക്കുന്നില്ല. അധികാരത്തിനായി സിപിഎം ഏതറ്റംവരെയും പോകുമെന്ന സൂചനയാണ് കാഫിർ സ്ക്രീന്‍ഷോട്ട് വിവാദം നല്കുന്നതെന്നും എഡിറ്റോറിയലിൽ പറയുന്നു. സിപിഎമ്മിനോട് പൊതുവെ ആഭിമുഖ്യം പുലർത്തുന്നവരാണ് സുന്നി സമസ്ത കാന്തപുരം വിഭാഗം.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച വലതുപക്ഷ വ്യതിയാനത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സിപിഐഎം രൂപീകരിച്ചത് എന്നാണ് പാർട്ടി നേതാക്കൾ പറയാറുള്ളത്. സിപിഎമ്മിന്റെ സമീപകാലത്തെ പ്രവർത്തനങ്ങൾ പൊതുവിലും മുഖ്യമന്ത്രിയുടെ നിലപാടുകൾ പരിശോധിക്കുമ്പോൾ പ്രത്യേകിച്ചും വലത്തോട്ട് ചെരിഞ്ഞ് ഇടത്തോട്ട് സഞ്ചരിക്കുന്നതായാണ് ബോധ്യപ്പെടുന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം ശരിയാംവിധം ഉൾക്കൊള്ളാതെ, ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ വീണുപോയ സിപിഎം, മൃദു ഹിന്ദുത്വ ലൈൻ സ്വീകരിച്ച് ചോർന്നുപോയ വോട്ടുകളെ തിരിച്ചുപിടിക്കാമെന്ന മിഥ്യാധാരണയിലാണെന്ന് തോന്നും വിധത്തിലാണ് അടുത്ത കാലത്ത് സ്വീകരിച്ച സമീപനങ്ങൾ.

കഴിഞ്ഞ വർഷം വിവിധയിടങ്ങളിൽ വച്ച് ആർഎസ് എസ്‌ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെയും ആർഎസ്എസ് നേതാവ് റാം മാധവിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ കണ്ടുവെന്നകാര്യം പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് തന്നെ റിപ്പോർട്ട് ചെയ്തിട്ടും ഇതിലെന്ത് അസ്വാഭാവികതയെന്ന് ചോദിച്ച് നിസ്സാരവത്‌കരിക്കാനും നിർവീര്യമാക്കാനുമാണ് സിപിഎം ശ്രമിച്ചത്. നമ്മൾ പഠിച്ച, പരിചയിച്ച സിപിഎം ഇങ്ങനെയൊന്നുമായിരുന്നില്ല.

അതീവ ഗൗരവമുള്ള ഒരു വിഷയത്തിൽ രാഷ്ട്രീയ നിലപാടും പരിഹാരവും പ്രഖ്യാപിക്കാൻ കഴിയാതെ മാളത്തിലൊളിക്കുന്ന സിപിഎം അപൂർവ കാഴ്ചയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തൃശൂരിലെ ബിജെപിയുടെ വിജയത്തിനു മുൻപും ശേഷവും എന്ന രീതിയിൽ വിഭജിക്കാൻ ഗൗരവതരമായ ഒട്ടേറെ കാരണ ങ്ങളുണ്ട്.

അങ്ങനെയൊരു തെരഞ്ഞെടുപ്പിൽ ബിജെ പിക്ക് വിജയമൊരുക്കാൻ പുരം കലക്കിയത് എഡിജിപിയാണെന്ന് ഭരണപക്ഷത്തുനിന്നുതന്നെ ശക്തമായ വിമർശനമുയർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് എന്തിന്റെ തെളിവായാണ് ഞങ്ങൾ മനസ്സിലാക്കേണ്ടത്? ഇതിന്റെയെല്ലാം തുടർച്ചയി ലാണ് മലപ്പുറത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.