പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്. ആൺസുഹൃത്തിനൊപ്പം ബോപ്‌ദേവ് ഗട്ട് ഭാഗത്തേക്ക് പോയ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് വിവരം പൊലീസ് അറിയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ സുഹൃത്തിനെ പ്രതികൾ മർദിച്ചതായും ഇരുവരും ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി 10 പൊലീസ് ടീമുകളെ നിയോഗിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം വിഷയം മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരുകൾക്ക് വഴിവെച്ചിരിക്കയാണ്. ബിജെപി- ശിവ്സേന (ഷിൻഡെ) – എൻസിപി (അജിത് പവാർ) സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതിയായ ലഡ്ക്കി ബഹൻ യോജനയെ വിമർശിച്ചാണ് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ രംഗത്ത് വന്നത്. സ്ത്രീകളെ സാമ്പത്തികമായി സഹായിക്കാനായി സർക്കാർ ലഡ്ക്കി ബഹൻ യോജന എന്ന പദ്ധതി നടപ്പാക്കി. എന്നാൽ ഒരു വശത്ത് സ്ത്രീകൾക്കെതിരെ ക്രൂരതകളും അതിക്രമങ്ങളും തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
