ലോകസമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്ത് മാർക്ക് സക്കർബർഗ്

0
1028

ലോകസമ്പന്നരിൽ വീണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ആമസോൺ തലവൻ ജെഫ് ബേസോസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് സക്കർബർഗിന്റെ ഉയർച്ച.

മെറ്റയുടെ അടുത്തിടെയുണ്ടായ വളർച്ചയും എഐ സാങ്കേതിതവിദ്യയിലൂടെ മെറ്റ നടത്തിയ മുന്നേറ്റവും വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചതാണ് സക്കർബർഗിന്റെ സാമ്പത്തികവളർച്ചക്ക് പിന്നിൽ. 206.2 ബില്യൺ ഡോളർ (1,73,14,24 കോടി) ആണ് നിലവിൽ സക്കർബർഗിന്റെ ആസ്തി.

ഈ സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ 23% വർധനവാണ് മെറ്റയുടെ ഓഹരിവിലയിലുണ്ടായിരിക്കുന്നത്.

ജെഫ് ബേസോസിനെക്കാൾ 1.1 ബില്യൺ സാമ്പത്തികവളർച്ചയാണ് സക്കർബർഗിനുള്ളതെന്നാണ് സ്വകാര്യ സാമ്പത്തിക, സോഫ്റ്റ്‌വെയർ, ഡാറ്റ, മീഡിയ കമ്പനിയായ ബ്ലൂംബെർഗ് കണക്കാക്കിയിരിക്കുന്നത്.

മെറ്റാവേഴ്‌സിൽ നിന്നും തുടക്കത്തിൽ നേരിട്ട നഷ്ടം 2022ൽ 100 ബില്യൺ ഡോളറിന്റെ ഇടിവാണ് സക്കർബർഗിന്റെ സമ്പത്തിലുണ്ടാക്കിയത്. ഇത് മെറ്റയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതിനും കാരണമായിരുന്നു.

മെറ്റയെ കൂടുതൽ എഐ കേന്ദ്രീകൃതമാക്കാനായി സക്കർബർഗ് തീരുമാനിക്കുകയായിരുന്നു. ആഗോള എഐ മേഖലയിൽ മുൻപന്തിയിലെത്താനായി ഡാറ്റാ സെന്ററുകളിലും അത്യാധുനിക സാങ്കേതികവിദ്യകളിലും കമ്പനി വൻതോതിലാണ് നിക്ഷേപം നടത്തിയത്.