എയർ ഇന്ത്യ എക്സ്പ്രസിൽ പുക; മസ്‌ക്കത്തിലേക്ക് പോകാനിരുന്ന IX549 വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്

0
719

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കത്തിലേക്ക് പോകാനൊരുങ്ങിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക. IX549 എന്ന വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. ഇന്ന് രാവിലെയാണ് സംഭവം. വിമാനം പുറപ്പെടാനായി റൺവേയിലൂടെ നീങ്ങാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ ക്യാബിനിനുള്ളിൽ പുകയും അസാധാരണമായ ദുർഗന്ധവും ഉണ്ടാവുകയായിരുന്നു. ഇതോടെ യാത്രക്കാർ സഹായത്തിനായി അലാറം മുഴക്കി. പിന്നാലെ വിമാനത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സംഭവ സമയം വിമാനത്തിനകത്ത് 142 യാത്രക്കാരുൾപ്പെടെ 148 പേരാണുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. അതേസമയം സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സ് അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇവര്‍ക്ക് യാത്രക്കായി മറ്റൊരു വിമാനം ഒരുക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.