“ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്‌സിബിഷൻ 2024”; സന്ദർശകരെ സ്വാഗതം ചെയ്ത് സൗദി ഫാൽക്കൺസ് ക്ലബ്

0
480

റിയാദ്: സഊദി ഇൻ്റർനാഷനൽ “ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്‌സിബിഷൻ 2024” പരിപാടികളും പ്രവർത്തനങ്ങളും ആസ്വദിക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെ സ്വാഗതം ചെയ്ത് സൗദി ഫാൽക്കൺസ് ക്ലബ്. ഒക്ടോബർ 3 മുതൽ 12 വരെ റിയാദ് മൽഹാമിലെ ക്ലബ്ബിൻ്റെ ആസ്ഥാനത്താണ് പരിപാടി.

പാരിസ്ഥിതിക അവബോധം വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ പൈതൃകവും സാംസ്കാരികവും നാഗരികവുമായ വ്യക്തിത്വവും ഭാവി തലമുറകൾക്ക് കൈമാറുന്നതിനുള്ള ക്ലബ്ബിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

10 ദിവസങ്ങളിലായി ഫാൽക്കൺറി, വേട്ടയാടൽ, യാത്രാ പ്രേമികൾക്ക് ക്ലബ് നിരവധി സംവേദനാത്മക അനുഭവങ്ങൾ, വിവിധ ഗെയിമുകൾ, അതുല്യമായ സാഹസികത എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ദിവസവും വൈകിട്ട് 4 മുതൽ രാത്രി 11 വരെ നടക്കും. വ്യക്തികളും കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും പ്രവേശനമുണ്ടാകും.

ഫാൽക്കണുകളുടെ തരങ്ങളെക്കുറിച്ച് അറിയാനും, അവയ്‌ക്കൊപ്പം ചിത്രങ്ങളെടുക്കാനും, സൗദി പൈതൃകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രചരിപ്പിക്കാനും, ഭാവി തലമുറകൾക്കിടയിൽ അതിൻ്റെ സംരക്ഷണം വർദ്ധിപ്പിക്കാനും ഇതിലൂടെ കഴിയും.

എക്‌സിബിഷനിൽ 150,000 റിയാൽ സമ്മാനമായി ലഭിക്കുന്ന പാചക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
160,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നടക്കുന്ന ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്‌സിബിഷൻ 2024-ൽ 45 രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം പ്രദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷണവും അനുബന്ധ ഉൽപ്പന്നങ്ങളും, ക്യാമ്പിങ് , ക്യാമ്പിങ് ഉപകരണങ്ങൾ, വേട്ടയാടൽ ആയുധങ്ങളും ഉപകരണങ്ങളും, മോട്ടോർ സൈക്കിളുകൾക്കുള്ള പവലിയനുകൾ, സൈക്കിളുകൾ, ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, ഫോട്ടോ എക്സിബിഷൻ, ഇൻ്ററാക്ടീവ് ഗെയിമുകൾ എന്നിവയും കൂടാതെ
പ്രദർശനത്തിൽ വിവിധ തരം ആയുധങ്ങൾ വിൽക്കുന്നതിനുള്ള ഒരു പവലിയൻ ഉൾപ്പെടുന്നു. അതിൽ സൗദി കമ്പനികൾ 55-ലധികം ആഗോള ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പ്രദർശിപ്പിക്കുന്നുണ്ട്.