മനാഫിന്റെ ചാനൽ തേടിപിടിച്ച് സബ്സ്ക്രൈബ് ചെയ്ത് മലയാളികൾ, ഇന്നലെ 11,000 ഇപ്പോൾ 1.80 ലക്ഷം; ഒറ്റ ദിവസം കൊണ്ട് കുതിച്ചുയർന്ന് മനാഫിന്റെ യൂട്യൂബ് ചാനൽ

0
2688

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബം ലോറിയുടമ മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ കുതിച്ചുയർന്ന് മനാഫിന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ്. അർജുന്റെ തിരോധാനം വൈകാരികമായി മുതലെടുത്ത് മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നുമാണ് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് മലയാളികൾ ചാനൽ തേടിപിടിച്ച് സബ്സ്ക്രൈബ് ചെയ്യുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ മനാഫിന്റെ ‘ലോറി ഉടമ മനാഫ്’ എന്ന ചാനലിനുണ്ടായിരുന്ന 11,000 സബ്‌സ്‌ക്രൈബർമാരാണ്, ഈ വാർത്ത തയാറാക്കുമ്പോൾ 1.83 ലക്ഷത്തിനടുത്തേക്ക് ഉയർന്നിരിക്കുന്നത്. നിലവിലെ ട്രെൻഡ് പ്രകാരം സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഇന്നു തന്നെ രണ്ടു ലക്ഷം കടന്നേക്കും.

കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ ലോറിയോടൊപ്പം അർജുനെ കാണാതായി 32-ാം ദിനത്തിലാണ് മനാഫ് ചാനലിൽ ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പുഴയിൽ തെരച്ചിൽ നടത്താനായി ബാർജ് അടക്കമുള്ള സംവിധാനങ്ങൾ സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കാമെന്നും തെരച്ചിലിന് അനുമതി മാത്രം നൽകണമെന്നുമാണ് മനാഫ് വീഡിയോയിൽ പറയുന്നത്. ഇതിനു ശേഷം അർജുനുമായി ബന്ധപ്പെട്ട 15 വീഡിയോകൾ മനാഫ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 18 തവണ ലൈവ് പോവുകയും ചെയ്തു. സെപ്തംബർ 28-ലേതാണ് ചാനലിലെ അവസാന ലൈവ് വീഡിയോ.

മനാഫും മുങ്ങൽ വിദഗ്ധർ ഈശ്വർ മാൽപെയും അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണ് എന്നതടക്കമുള്ള ആരോപണങ്ങളാണ് അർജുന്റെ കുടുംബം ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവർ മാധ്യമങ്ങളെ കണ്ടു.

അർജുന്റെ പേരിൽ പണം പിരിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച മനാഫ്, താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് തെറ്റായ കാര്യമല്ല എന്ന് പ്രതികരിച്ചിരുന്നു. അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കാനാണ് ചാനൽ തുടങ്ങിയതെന്നും ഒരാളിലേക്കെങ്കിലും അത് എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

മനാഫിന് വേണ്ടി പലരും കമന്റുകൾ കൊണ്ട് നിറക്കുകയും ചെയ്യുന്നുണ്ട്. ‘പ്രിയ മനാഫ്, താങ്കൾ ചെയ്തു കൊടുത്ത എല്ലാ നന്മകളും ത്യാഗവും ഓർത്തു കൊണ്ടുതന്നെ വളരെ സ്നേഹത്തോടെ, അതിലേറെ വേദനയോടെ പറയുകയാണ്, ഇനി താങ്കൾ അവരുടെ കാര്യത്തിൽ ഒന്നും പറയല്ലേ… അർജുന്റെ മകന് വേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് അവന്റ പേരിൽ വല്ല ബാങ്കിലും ഡെപ്പോസിറ്റ് ആക്കിക്കൊടുക്കൂ. അല്ലാതെ ആ കുടുംബത്തിൽ ഇനി താങ്കൾ കേറിയിറങ്ങല്ലേ. അവർ അതാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായിത്തന്നെ പറഞ്ഞു. താങ്കൾ കാരണം അവരനുഭവിക്കുന്ന വേദന അർജുൻ നഷ്പ്പെട്ടതിൽ ഏറെയാണെന്ന് പോലും പറയാതെ പറഞ്ഞു. ഇനിയും അവർ താങ്കളെ അർഹിക്കുന്നില്ല പ്ലീസ് – സുനീറ സൈഫുദ്ദീന്‍റെ കമന്‍റ് ഇങ്ങനെയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക