Tuesday, 5 November - 2024

ലൈംഗിക ബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവം, പരിഹാരം ഓണ്‍ലൈനില്‍ തിരഞ്ഞ് യുവാവ്; പെണ്‍കുട്ടി മരിച്ചു

ലൈംഗിക ബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി പെണ്‍കുട്ടി മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. നഴ്സിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്കാണ് ദാരുണാന്ത്യം. സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 
നവ്സരി ജില്ലയിലെ ഹോട്ടലില്‍ സെപ്റ്റംബര്‍ 23നാണ് കമിതാക്കള്‍ മുറിയെടുത്തത്.

ലൈംഗിക ബന്ധത്തിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായെന്നും ഇതോടെ ഇരുവരും പരിഭ്രാന്തരായെന്നും പൊലീസ് പറയുന്നു. ആംബുലന്‍സ് വിളിച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം യുവാവ് ഓണ്‍ലൈനില്‍ പരിഹാര മാര്‍ഗങ്ങള്‍ തിരയുകയായിരുന്നു. തുണി വച്ചിട്ടും രക്തസ്രാവം നിലയ്ക്കാതെ വന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടി ബോധരഹിതയായി വീണു. 

പ്രശ്നം ഗുരുതരമാണെന്ന് മനസിലായതും യുവാവ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും വലിയ തോതില്‍ രക്തനഷ്ടം സംഭവിക്കുകയും പെണ്‍കുട്ടിയുടെ നില വഷളാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ യുവാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആശുപത്രിയിലേക്ക് എത്തിയെങ്കിലും മകളുടെ ചേതനയറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്. 
പോസ്റ്റുമോര്‍ട്ടത്തില്‍ ലൈംഗികബന്ധത്തിനിടെ ഉണ്ടായ ക്ഷതമാണ് രക്തസ്രാവത്തിനിടയാക്കിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Most Popular

error: