തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ‘ദ ഹിന്ദു’ ദിനപത്രത്തിന്‍റെ മറുപടി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ,മലപ്പുറവുമായി ബന്ധപ്പെട്ട് വിഷലിപ്തമായ വാക്കുകൾ ഉൾപ്പെടുത്തണമെന്ന നിർദേശം പിആർ ഏജൻസി നൽകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് മലപ്പുറവുമായി ബന്ധപ്പെട്ട് ഹിന്ദു പത്രത്തിന്‍റെ അഭിമുഖത്തിൽ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ദ ഹിന്ദു പത്രത്തിന്‍റെ എഡിറ്റർക്ക് കത്തും നൽകി.ഇതിനു പിന്നാലെയാണ് ദ ഹിന്ദു പത്രം കാര്യങ്ങൾ വിശദീകരിച്ചത്. അഭിമുഖം എടുക്കുമ്പോൾ ഉണ്ടായിരുന്ന പിആർ ഏജൻസിയുടെ പ്രതിനിധികൾ പറഞ്ഞത് പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശം ഉൾപ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം. ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിൽ ആകുന്നത്.
സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാൻ പാകത്തിലുള്ള വിവാദപരാമർശം പി ആർ ഏജൻസി പറഞ്ഞുകൊടുത്തത് ആരുടെ നിർദേശപ്രകാരം എന്ന ചോദ്യമാണ് ഉയരുന്നത്. അഭിമുഖം എടുത്ത ലേഖികയ്ക്ക് ഈ നിർദേശം നൽകുന്നതിന് മുമ്പ്, മുഖ്യമന്ത്രിയുടെ ഓഫീസുമായി പിആർ ഏജൻസി ബന്ധപ്പെട്ടിട്ടുണ്ടോ?
ബന്ധപ്പെട്ടെങ്കിൽ ആരുടെ നിർദേശപ്രകാരമാണ് വിവാദ പരാമർശങ്ങൾ നൽകിയത്? അങ്ങനെ നിർദേശം നൽകിയിട്ടില്ലെങ്കിൽ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമയ്ക്കുകയല്ലേ പിആർ ഏജൻസി ചെയ്തത്?അങ്ങനെയെങ്കിൽ ഇവർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം സർക്കാരും ഏജൻസിയും നൽകേണ്ടിവരും.
അഭിമുഖത്തിൽ ഇടപെട്ട പിആർ ഏജൻസിയുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശികൾ ചില പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശികളായവരും മുഖ്യമന്ത്രിയോട് അടുത്ത ബന്ധം പുലർത്തുന്ന കണ്ണൂർ സ്വദേശികളായ പാർലമെന്‍ററി രംഗത്ത് പ്രവർത്തിക്കുന്ന വരും ഈ പിആർ ഏജൻസിയുമായി ബന്ധം പുലർത്തുന്നു എന്ന സംശയവും പലയിടങ്ങളിലും ഉയർന്നു വരുന്നുണ്ട്.
മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ഉണ്ടായതെന്ന് പ്രസ് സെക്രട്ടറി അയച്ച കത്തിൽ നിന്ന് വ്യക്തം. അപ്പോൾ പ്രസ് സെക്രട്ടറി അറിയാതെ വാർത്തകളുമായി ബന്ധപ്പെട്ട് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം പിആർ ഏജൻസിയെ ഇതുവരെ തള്ളിപ്പറഞ്ഞ് സർക്കാർ രംഗത്ത് വന്നിട്ടില്ല. ഏജൻസിയെ തള്ളിപ്പറയുകയാണെങ്കിൽ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ അഭിമുഖത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയതിന് അവർക്കെതിരെ വ്യാജവാർത്തകൾ ചമച്ചതിന് കേസെടുക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.