ജിദ്ദ: 2024ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയിലെ സിനിമാശാലകൾ 421.8 മില്യൻ റിയാൽ വരുമാനം നേടി. സൗദി ഫിലിം കമ്മീഷന്റെ പ്രസ്താവന പ്രകാരം, ഈ കാലയളവിൽ ഏകദേശം 8.5 ദശലക്ഷം സിനിമാ ടിക്കറ്റുകൾ വിറ്റഴിഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച ഇൻസെൻറ്റീവുകളുടെ പാക്കേജ് സിനിമാശാലകളുടെ എണ്ണം വർധിപ്പിക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സഹായിച്ചു. ഇതോടെ സൗദിയിലെ സിനിമാ നിരക്ക് 50-55 റിയാലിനുള്ളിൽ ഒതുങ്ങി.
ഫിലിം കമ്മീഷൻ പറയുന്നതനുസരിച്ച്, 2020 മുതൽ സൗദി അറേബ്യ മധ്യപൂർവ ദേശത്തെ ഏറ്റവും ഉയർന്ന വാർഷിക സിനിമാ വരുമാനം നേടുന്ന രാജ്യമാണ്. 2030 ഓടെ സൗദി സിനിമാ വ്യവസായം ഏകദേശം 24 ബില്യൻ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 1 ബില്യൻ ഡോളർ വാർഷിക ബോക്‌സ് ഓഫീസ് വരുമാനവും പ്രതിവർഷം 70 സൗദി സിനിമകളുടെ നിർമ്മാണവും 2,500 സ്‌ക്രീനുകളുള്ള 350 സിനിമാശാലകളും എന്നീ ലക്ഷ്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
വർഷത്തിന്റെ ആദ്യ പകുതിയിൽ 11 സൗദി സിനിമകൾ പ്രദർശനത്തിനെത്തി. അധ്യയന വർഷാവസാനവും വേനൽക്കാല തുടക്കവുമായിരുന്നു സിനിമാശാലകൾക്ക് ഏറ്റവും തിരക്കുള്ള കാലഘട്ടം. ഈ കാലയളവിൽ ഏകദേശം 141 ദശലക്ഷം റിയാൽ വരുമാനമാണ് നേടിയത്.