ചെന്നൈയിൽ പട്ടിണി മരണം. പട്ടിണി കിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. 35 കാരനായ ബംഗാൾ സ്വദേശി സമർഖാനാണ് മരിച്ചത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. സമർ ഖാന്റെ കൂടെയുള്ള മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമായി തുടരുന്നു.
ജോലി ആവശ്യത്തിനായി ചെന്നൈയിലെത്തിയ 12 തൊഴിലാളികളിൽ ഒരാളായിരുന്നു സമർ ഖാൻ. ഇതിൽ ഭക്ഷണം കഴിക്കാതെ 5 തൊഴിലാളികൾ സ്റ്റേഷനിൽ തളർന്നു വീണിരുന്നു. ഇവരെ റെയിൽവേ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കോർപറേഷന്റെ അഗതി മന്ദിരത്തിലേക്കും മാറ്റിയിരുന്നു.
തിരുവള്ളൂർ ജില്ലയിൽ ജോലി കിട്ടുമെന്ന് കേട്ടാണ് വന്നതെന്നും 10 ദിവസം അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ലെന്നും അവർ അധികൃതരോട് അറിയിച്ചിരുന്നു. അതിനിടയിലാണ് പട്ടിണി കിടന്ന് സമർ ഖാൻ മരിക്കുന്നതും മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നതും.