മകന്‍റെ നൂലുകെട്ടിന് ഐസ്ക്രീം വാങ്ങാന്‍ പോയി; ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

0
2024

കൊച്ചി: തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ലൂര്‍ദ് പള്ളിക്ക് സമീപം അപകടമുണ്ടായത്. സൂഫിയാന്‍റെ മകന്‍റെ നൂലുകെട്ട് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് ദാരുണ സംഭവം. 

ഇന്നത്തെ ചടങ്ങിലേക്കായി ഐസ്ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരിയുമായി ഇറങ്ങിയതായിരുന്നു സൂഫിയാന്‍. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. അമിതവേഗത്തിലെത്തിയ ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മേല്‍ മറിഞ്ഞ് വീഴുകയായിരുന്നു.

ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായി തല്‍ക്ഷണം മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൃതദേഹങ്ങള്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.