Sunday, 6 October - 2024

സഊദി അറേബ്യയുടെ അപ്രതീക്ഷിത നീക്കം; ഒരു വെടിക്ക് രണ്ട് പക്ഷികള്‍ വീഴും

റിയാദ്: അന്തര്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള നീക്കവുമായി സഊദി അറേബ്യ. പുതിയ സഖ്യം രൂപീകരിക്കാനാണ് നീക്കം. ഇതിന് അറബ്, മുസ്‌ലിം രാജ്യങ്ങള്‍ മാത്രമല്ല, യൂറോപ്പില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടാകും. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ സഖ്യം രൂപീകരിക്കാന്‍ പോകുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ലോകത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഗാസയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ അയല്‍ രാജ്യമായ ലബനാനിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നു. വൈകാതെ കരയുദ്ധം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ലയുടെ തലവനെ കൊലപ്പെടുത്തി എന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരിക്കെയാണ് സഊദി അറേബ്യ പുതിയ സഖ്യ രൂപീകരണത്തിന് ശ്രമം തുടങ്ങുന്നത്.

പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെങ്കില്‍ ഇസ്റാഈൽ , പലസ്തീന്‍ എന്നീ രണ്ട് സ്വതന്ത്ര്യ രാജ്യങ്ങള്‍ രൂപീകരിക്കണം എന്നാണ് സൗദി അറേബ്യയുടെ നിലപാട്. യുഎന്നിലെ മിക്ക രാജ്യങ്ങളും ഇതേ അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഇസ്റാഈൽ ഈ വാദത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൗദിയുടെ നീക്കം ഇസ്റാഈൽ സംശയത്തോടെയാകും കാണുക.

സഊദി അറേബ്യ, ബെല്‍ജിയം, ഈജിപ്ത്, നോര്‍വെ, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ പുതിയ സഖ്യ രൂപീകരണത്തിന്റെ ഭാഗമായി യോഗങ്ങള്‍ ചേരുമെന്ന് സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. യുദ്ധമല്ല എല്ലാത്തിനും പരിഹാരം. ചര്‍ച്ചയും നയതന്ത്ര നീക്കങ്ങളുമാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനെതിരായ യുദ്ധം പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇസ്രായേലിന് ആയുധം നല്‍കുന്നത് അമേരിക്ക നിര്‍ത്തിവയ്ക്കണം എന്ന ആവശ്യവും ശക്തമാണ്. ഇതിനിടെയാണ് ലബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഇറാനെ നേരിട്ട് യുദ്ധത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് നിരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ സൈനിക ശേഷിയില്‍ ഇസ്രായേല്‍-അമേരിക്ക സഖ്യത്തേക്കാള്‍ വളരെ പിന്നിലാണ് ഇറാന്‍.

ലബനാനില്‍ ആക്രമണം നടത്തുന്നത് ഇസ്റാഈൽ അവസാനിപ്പിക്കണം എന്നും കരയുദ്ധം തുടങ്ങരുത് എന്നും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച ആവശ്യം ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിയിട്ടുണ്ട്. വെള്ളിയാഴ്ച ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍ ആക്രമണമാണ് ഇസ്റാഈൽ നടത്തിയത്. ഹിസ്ബുല്ലയുടെ ആസ്ഥാനവും ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ലയെ വധിച്ചുവെന്ന് ഇസ്റാഈൽ അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ ഹിസ്ബുല്ലയോ അവരുടെ സഖ്യകക്ഷിയായ ഇറാനോ പ്രതികരിച്ചിട്ടില്ല.

പലസ്തീന്‍ വിഷയം മുന്‍നിര്‍ത്തി മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ മേല്‍ക്കോയ്മ നേടാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. ഷിയാ സായുധ സംഘങ്ങളെ ഇസ്റാഈലിന് എതിരേ കോപ്പു കൂട്ടുന്നതിന് പിന്നിലും ഇറാനാണ്. എന്നാല്‍ ചര്‍ച്ചകളിലൂടെയും നയതന്ത്ര തലത്തിലും പരിഹാരം കാണാനുള്ള സഊദി അറേബ്യയുടെ നീക്കം ഇറാനും മറ്റൊരു തിരിച്ചടിയാണ്. മേഖലയിലെ മേല്‍ക്കോയ്മ നേടാനുള്ള ഇറാന്റെ മോഹം തകരും. ഒപ്പം പലസ്തീന്‍ രൂപീകരണത്തെ എതിര്‍ക്കുന്ന ഇസ്റാഈലിന്റെ മോഹവും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: