ജർമ്മനിയിലെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടാനും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും ഒരുങ്ങി വാഹന കമ്പനിയായ ഫോക്സ്‌വാഗന്‍. ചെലവുചുരുക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് കമ്പനിയുടെ വാദം. ഡിസംബറോടെ തീരുമാനം നടപ്പിലാക്കും. ഇത് യൂറോപ്പിന്‍റെ വാഹന രംഗത്തെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
1937 ല്‍ നാസി പാർട്ടിക്ക് കീഴിലെ ജർമ്മന്‍ ലേബർ ഫ്രണ്ട് ‘പീപ്പിള്‍സ് കാർ’ എന്ന നിലയില്‍ സാധാരക്കാർക്കുവേണ്ടി സ്ഥാപിച്ച കമ്പനിയാണ് ഫോക്‌സ്‌വാഗന്‍. നാസി സൈന്യത്തിനുവേണ്ടി യുദ്ധോപകരണങ്ങള്‍ നിർമിച്ചതും, നാസി അടിമകളെ തൊഴില്‍ചൂഷണത്തിന് വിധേയരാക്കിയതും തുടങ്ങി ഫോക്സ്‌വാഗന് നീണ്ട കാലത്തെ ചരിത്രമുണ്ട്.
6 ഫോക്സ്‌വാഗന്‍ പ്ലാന്‍റുകളിലെ തൊഴിലാളികള്‍ക്ക് 20ാം നൂറ്റാണ്ടുമുതല്‍ നല്‍കിവന്ന തൊഴില്‍ സുരക്ഷ പിന്‍വലിച്ച നീക്കത്തോടെയാണ് കമ്പനിയിൽ പ്രശ്നങ്ങളാരംഭിക്കുന്നത്. 2025 ഓടെ കൂട്ടപ്പിരിച്ചുവിടലിന് തയ്യാറെടുക്കുന്നുവെന്നതിൻ്റെ മുന്നറിയിപ്പെന്നോളമായിരുന്നു ഇത്. നാസി ജർമ്മനി കാലത്ത് ട്രേഡ് യൂണിയനില്‍ നിന്ന് പലിശയെന്ന പേരില്‍ തട്ടിയെടുത്ത തൊഴിലാളികളുടെ പണത്തിലാണ് ഫോക്സ്‍വാഗന്‍ ഉയർന്നതെന്നും 87 വർഷക്കാലപ്പഴക്കമുള്ള ചരിത്രം വിസ്മരിക്കരുതെന്നും ഇതിനോട് തൊഴിലാളി യൂണിയനായ ഐജി മെറ്റല്‍ തുറന്നടിച്ചിരുന്നു.
ജർമ്മനിയിലെ ഏറ്റവും പ്രബലമായ ട്രേഡ് യൂണിയനായ ഐജി മെറ്റലിന്‍റെ പ്രതിനിധികളുമായി ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ഉത്പാദനചെലവ് താങ്ങാനാകുന്നില്ലെന്നും, രാജ്യത്തെ പല പ്ലാന്‍റുകളും അടച്ചുപൂട്ടേണ്ട ഗതിയിലാണെന്നും ഫോക്സ്‍വാഗന്‍ പ്രഖ്യാപിച്ചത്. വേതന വർദ്ധന അടക്കം ട്രേഡ് യൂണിയന്‍റെ എല്ലാ ആവശ്യങ്ങളും തള്ളിയ മാനേജ്‌മെന്‍റ് ഇത് കമ്പനിയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്ന് തറപ്പിച്ചുപറഞ്ഞു. ഫോക്സ്‌വാഗനാരോപിക്കുന്ന വ്യാവസായിക പ്രതിസന്ധി യൂറോപ്പിനെയാകെ ബാധിച്ചതായാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.
റോയിട്ടേഴ്സ് ഗ്ലോബല്‍ ഡാറ്റയില്‍ നിന്ന് ശേഖരിച്ച കണക്കുപ്രകാരം, ലോകത്തിലെ 6 പ്രധാന വാഹന നിർമാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഒരംശം മാത്രമാണ് ജർമ്മനിയില്‍ ഫോക്സ്‌വാഗന്‍ നേരിടുന്നത്. ജർമ്മന്‍ കമ്പനികളായ മെർസീഡീസ് ബെന്‍സ്, ബിഎംവി, ഫ്രഞ്ചുകമ്പനിയായ റെനോള്‍ട്ട്, നെതർലന്‍ഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെല്ലാർ, അമേരിക്കയുടെ ഫോർഡ് എന്നിങ്ങനെ പ്രമുഖ വാഹനനിർമാതാക്കളെല്ലാം ചെലവുചുരുക്കലിന്‍റെ പാതയിലാണ്.
