ന്യുയോർക്ക്: ആധുനിക കാലത്തെ ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുഎൻ ആസ്ഥാനത്ത് യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ചും അമേരിക്കയുടെ നിലപാടുകളെ പരിഹസിച്ചുമായിരുന്നു അബ്ബാസിന്റെ പ്രസംഗം.
‘ഞങ്ങൾ ആ മണ്ണ് വിട്ട് പോകില്ല’ എന്ന് മൂന്ന് തവണ ആവർത്തിച്ച് പ്രഖ്യാപിച്ചാണ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്. ഫലസ്തീൻ ഞങ്ങളുടെ മാതൃരാജ്യമാണ്. നമ്മുടെ പിതാക്കന്മാരുടെയും മുത്തച്ഛൻമാരുടെയും നാടാണിത്. അത് എന്നും നമ്മുടേതായി തന്നെ തുടരും. ആ മണ്ണിനെ വിട്ട് ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അത് അധിനിവേശക്കാരായ കൊള്ളക്കാർ മാത്രമായിരിക്കുമെന്ന് ഇസ്രായേലിനെ പരാമർശിച്ച് അബ്ബാസ് പറഞ്ഞു.
ഗസ മുനമ്പിൽ ഇസ്രായേൽ സമ്പൂർണ വംശഹത്യ യുദ്ധം നടത്തുകയാണ്. ഫലസ്തീനിലെ ജനങ്ങൾക്ക് സംഭവിക്കുന്നതിന് ലോകം മുഴുവൻ ഉത്തരവാദിയാണെന്നും അബ്ബാസ് പറഞ്ഞു. ഇസ്രായേൽ നടത്തുന്നത് സമ്പൂർണ്ണ യുദ്ധ കുറ്റകൃത്യമാണ്. ഗസയിൽ മാത്രം 40,000-ത്തിലധികം പേരെ കൊന്നു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. 100,000-ത്തിലധികം പേർക്കാണ് ഇസ്രായേലിന്റെ അതിക്രമത്തിൽ മാരകമായി പരിക്കേറ്റത്.
ഫലസ്തീൻ കുടുംബങ്ങൾ മുഴുവനും ഉന്മൂലനം ചെയ്യപ്പെട്ടു. അക്രമണത്തിനിടയിൽ മാരക രോഗങ്ങൾ പടർന്നു. ശുദ്ധജലവും അടിയന്തരാവശ്യങ്ങൾക്കുള്ള മരുന്നുകൾ പോലും ലഭ്യമാവുന്നില്ല. രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളാണ് പലായനം ചെയ്തത്. ഗസയിൽ മാത്രമല്ല, വെസ്റ്റ് ബാങ്കിലും ജറുസലേമിലും മരണങ്ങളും പരിക്കുകളും മാറ്റമില്ലാതെ തുടരുകയാണ്.
