അൻവർ സ്വർണക്കടത്ത് മാഫിയകളുടെ സെക്യൂരിറ്റിയെന്ന് റഹീം, അലഞ്ഞുതിരിഞ്ഞ് നടക്കേണ്ട ഗതി വരുമെന്ന് ശിവൻകുട്ടി

0
1210

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ രൂക്ഷ പരാമര്‍ശങ്ങളെ പ്രതിരോധിച്ച് സിപിഐഎം നേതാക്കള്‍. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അന്‍വറെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചതെന്നും അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കെതിരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണ് സിപിഐഎം. ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാര്‍ട്ടി അണികള്‍ ഇതുവരെ ക്ഷമിച്ചു. എന്നാല്‍ പാര്‍ട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അന്‍വര്‍ ചെയ്യുന്നത്.

കേരള രാഷ്ട്രീയത്തില്‍ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അന്‍വറിന് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആരോപണങ്ങള്‍ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാന്‍ പി വി അന്‍വറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അന്‍വര്‍ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകും,’ ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിടിക്കാന്‍ പൊലീസ് ഇറങ്ങിയതാണ് അന്‍വറിന്റെ പ്രശ്‌നം എന്ന് വ്യക്തമിക്കുന്നതാണ് ഇന്നത്തെ വാര്‍ത്ത സമ്മേളനമെന്ന് രാജ്യസഭാ എംപി എ എ റഹീം പറഞ്ഞു. അന്‍വര്‍ ഇപ്പോള്‍ എടുക്കുന്നത് സ്വര്‍ണക്കടത്ത് മാഫിയകളുടെ സെക്യൂരിറ്റി പണിയാണെന്നും പാര്‍ട്ടിയുടേതല്ലെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. സ്വര്‍ണക്കടത്ത് ക്യാരിയര്‍മാരുടെ സംഭാഷണത്തിനിടയില്‍ എന്തുകൊണ്ട് അന്‍വര്‍ ചോദ്യങ്ങള്‍ ചോദിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്ത് പൊലീസ് പിടിക്കാനേ പാടില്ലെന്നാണോ അന്‍വറിന്റെ നിലപാടെന്നും അദ്ദേഹം കുറിച്ചു.