Sunday, 6 October - 2024

അന്‍വറിന്‍റെ പരാതി; പി.ശശിക്കെതിരെ പാര്‍ട്ടിയുടെ പ്രത്യേക അന്വേഷണമില്ല

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന്റെ പ്രത്യേക അന്വേഷണം ഉണ്ടാകില്ല.

പാർട്ടി സമ്മേളനം നടക്കുന്നതിനാൽ കമ്മീഷനെ വച്ച് പരാതി അന്വേഷിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ ശരിവെക്കും വിധത്തിലാണ് പാർട്ടി നടപടി.

അതേസമയം എഡിജിപി എം.ആർ അജിത്കുമാറിന്റെ കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് വന്നശേഷമായിരിക്കും പാര്‍ട്ടി തീരുമാനം. തൃശൂർ പൂരം കലക്കലിൽ ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശക്ക് അനുസരിച്ച് തുടർ നടപടി എടുക്കാനാണ് പാർട്ടി നിലപാട്.

പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പി. ശശിയുടെ പേര് ചേർത്ത് പി.വി അൻവർ പാർട്ടിക്ക് പരാതി നൽകിയത്. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, ‌എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ശശിക്കെതിരെ അൻവർ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ.

Most Popular

error: