ജിദ്ദ: സഊദി അറേബ്യ 94ാംമത് ദേശീയദിനത്തിന്റെ നിറവിൽ. സമഗ്രമായ ദേശീയ വീക്ഷണത്തിൽ അധിഷ്‌ഠിതമായ വ്യക്തമായ വികസന പദ്ധതികളിലൂടെ ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങൾ കൈവരിക്കുന്ന രാജ്യം ഉന്നതസ്ഥാനത്ത് നിൽക്കുന്ന സമയത്താണ് ഈ ദേശീയ സന്ദർഭം എത്തുന്നത്. ലോകത്തിന്റെ നെറുകയിലേക്കുള്ള സൗദിയുടെ പ്രയാണത്തില്‍ രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്.
രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ് സെപ്റ്റംബർ 23ന് ആഘോഷിക്കുന്നത്.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും നേതൃത്വം നൽകുന്ന ഈ രാജ്യം വളർച്ചയും സമൃദ്ധിയും ആഗോള തലത്തിൽ വളർത്തുന്നതിനും രാഷ്ട്രത്തെ ഒരു വഴിവിളക്കായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുകയാണ്.
ഏകദൈവവിശ്വാസം പ്രഖ്യാപിക്കുന്ന പതാകയുള്ള ഒരു രാജ്യം സ്ഥാപിച്ചതിന് ബഹുമതി ലഭിച്ച മഹാനും ജ്ഞാനിയുമായ നേതാവ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് രാജാവ് രൂപപ്പെടുത്തിയ പാരമ്പര്യത്തിൻ്റെ തുടർച്ചയാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന പുരോഗതി.
പ്രാദേശികമായും രാജ്യാന്തരവുമായി സ്വാധീനമുള്ള ഒരു പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം സുരക്ഷിതത്വവും സ്ഥിരതയും കാത്തുസൂക്ഷിക്കുകയാണ്.
തങ്ങളുടെ രാജ്യത്തിൻ്റെ നേട്ടങ്ങളിൽ അഭിമാനിക്കുകയും അതിൻ്റെ വിജയങ്ങളിൽ പടുത്തുയർത്തുകയും ചെയ്യുന്ന പൗരന്മാരും താമസക്കാരും തങ്ങളുടെ സുഖവും സമൃദ്ധിയും സുരക്ഷിതമാക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്ന ഒരു ജ്ഞാനപൂർവകമായ നേതൃത്വത്തിൻ കീഴിൽ ഈ ആഹ്ലാദകരമായ അവസരത്തിൽ മണ് മറഞ്ഞു പോയവരെ അനുസ്മരിക്കുകയാണ്.
‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുകയും ചെയ്യുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണയും അഘോഷം. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നേരെത്തെ തന്നെ തുടക്കമിട്ടിരുന്നു.
റിയാദിൽ 18 സ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ അരങ്ങേറും. വിവിധ പരിപാടികളിലൂടെ ദേശീയ ദിനാഘോഷ അനുഭവം വർധിപ്പിക്കുന്നതിനും അതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും റിയാദ് മുനിസിപ്പാലിറ്റിയാണ് ഇത്രയും സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ലൈറ്റിങ്, സൗന്ദര്യാത്മക മോഡലുകൾ, സംവേദനാത്മക പ്രവർത്തനങ്ങൾ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, ഫോട്ടോഗ്രഫി ഏരിയ, സുവനീറുകൾ, കാർണിവൽ ഗെയിമുകൾ, കുട്ടികളുടെ ഏരിയ, ഭക്ഷണ പാനീയ മേഖല, സൗദി കോഫി ഹോസ്പിറ്റാലിറ്റി എന്നിവ ആഘോഷ പ്രവർത്തനങ്ങളിൽ ഉൾപ്പെടും.
ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ സംഘാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.
ജിദ്ദയിൽ പ്രൊമനൈഡ് ബീച്ച്, റിയാദിൽ അൽഖൈറുവാൻ സ്ട്രീറ്റിൽ ഉമ്മുഅജാൻ പാർക്ക്, മദീനയിൽ അൽസഹൂർ പാർക്ക്, അബഹയിൽ അൽമിതൽ പാർക്ക്,അൽകോബാറിലെ നോർത്ത് കോർണീഷ്, ബുറൈദയിൽ അൽശർഖ് പാർക്ക്, തബൂക്കിൽ നദീം സെൻട്രൽ പാർക്ക്, ഹായിലിൽ അൽമിഗ്വാത്ത് പാർക്ക്, അറാറിൽ ബുർജ് അൽശിമാൽ, നജ്റാനിൽ അമീർ ഹൽ സ്പോർട്‌സ് സിറ്റി, അൽബാഹ അമീർ ഹുസാം ബിൻ സൗദ് പാർക്ക് എന്നിവിടങ്ങളിലാണ് കരിമരുന്നിന് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.