ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനിടെ ഗംഗാവലി പുഴയിൽ നിന്ന് അസ്ഥിഭാഗം കണ്ടെത്തി. അസ്ഥി ലഭിച്ചത് ലക്ഷ്മണിൻ്റെ ചായക്കടയ്ക്ക് പുറകിൽ നിന്നാണ്. ഈ അസ്ഥി ഭാഗം മനുഷ്യൻ്റേതാണെന്ന് സംശയമുണ്ട്. ഇത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് നടത്തിയ തെരച്ചിലിൽ പുഴയുടെ അടിത്തട്ടിൽ നിന്നും ബൈക്കും, ടാറ്റ ലോറിയുടെ എഞ്ചിനും കണ്ടെത്തിയിരുന്നു. നാവികസേന പുഴയിൽ മാർക്ക് ചെയ്ത സിപി4 എന്ന പോയിൻ്റിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എഞ്ചിനും മറ്റു ചില ലോഹഭാഗങ്ങളും കണ്ടെത്തിയത്.
അതേസമയം, ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത ഉണ്ടായതോടെ രക്ഷാപ്രവർത്തനം പാതിവഴിയിൽ മതിയാക്കി ഈശ്വർ മാൽപ്പെ മടങ്ങി. ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂരിൽ തെരച്ചിലിന് നേതൃത്വം നൽകാൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും. വീണ്ടും ഡ്രോൺ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.