റിയാദ് ഹെൽപ്പ് ഡെസ്കിന്റെത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം
റിപ്പോർട്ട്: റിയാസ് വണ്ടൂർ
റിയാദ്: കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി നാട്ടിൽ പോവാത്ത പുനലൂർ സ്വദേശിക്ക് റിയാദ് ഹെൽപ് ഡെസ്കിന്റെ ഇടപെടലിൽ നാട്ടിലേക്കുള്ള വഴിതുറന്നു. പ്രമേഹം പിടിപെട്ട് ദുരിതത്തിയായി തന്റെ ഇടത് കാൽ മുറിച്ച് മാറ്റിയാണ് കൊല്ലം പുനലൂർ സ്വദേശിയായ അറുപത്കാരൻ ലത്തീഫ് മസൂദ് നാടണയുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രമേഹം പിടിപെട്ട് ഇടത് കാലിന്റെ നെരിയാണിക്ക് താഴെ പഴുപ്പ് വന്ന് പുഴുവരിച്ച നിലയിൽ അസഹ്യമായ വേദനയും ദുർഗന്ധവുമായാണ് ഒരു മാസം മുൻപ് റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകരുടെയടുത്ത് ഇദ്ദേഹമെത്തുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചികിത്സ ക്കായി റിയാദിലെ ഷിഫാ അൽ ജസീറ പോളിക്ലിനിക്കിലെത്തിച്ച് അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ക്ലിനിക്കിലെ മലയാളി ജീവനക്കാരാണ് റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകരെ വിവരമറിയിച്ചത്.
തുടർന്ന് ആദ്യ ദിവസങ്ങളിൽ ക്ലിനിക്കിൽ വെച്ച് മുറിവ് ഡ്രസ്സ് ചെയ്തു. പഴുത്ത് പുഴുവരിച്ച ഇടത് കാൽ മുട്ടിന്ന് താഴെ മുറിച്ച് മാറ്റിയില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്നും തുടർചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലേക്ക് ഉടനെ മാറ്റണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് റിയാദിലെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇരുപത്തിരണ്ടു വർഷം മുൻപ് കാലഹരണപ്പെട്ട താമസരേഖ ആശുപത്രിയിൽ പ്രവേശി പ്പിക്കാൻ തടസ്സമായി.
പിന്നീട് ഹെൽപ് ഡെസ്ക് പ്രവർത്തകരുടെ നിരന്തര ഇടപെടലിൽ ദിറാബിലെ സഊദി ആരോഗ്യ മന്ത്രാലയ ആശുപത്രിയിൽ അവിടത്തെ മലയാളി ജീവനക്കാരിയുടെയും സമീപത്തെ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി. പിന്നീട് നാട്ടിലെ ബന്ധുക്കളുമായി ചർച്ച ചെയ്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കും ഇരുപത്തൊന്ന് ദിവസത്തെ ചികിത്സക്കും ഏകദേശം 31000 റിയാലാണ് ആശുപത്രി ബിൽ വന്നത്. ആശുപത്രിയിലെ സ്വദേശികളായ ജീവനക്കാരുടെ മാനുഷിക പരിഗണനയിൽ ആശുപത്രി ബിൽ 10000 റിയാൽ ആക്കി കുറച്ച് നൽകുകയും ചെയ്തു.
ആശുപത്രി വിട്ടശേഷം ഇന്ത്യൻ എംബസിയിൽ നിന്ന് എമർജൻസി പാസ്പോർട്ട് എടുത്ത് തർഹീൽ വഴി നാട്ടിലേക്ക് പോകുവാനുള്ള നടപടികൾ ആരംഭിച്ചു. വർഷങ്ങൾക്ക് മുൻപ് ആത്മഹത്യക്ക് ശ്രമിച്ച ഒരു കേസ് ഇദ്ദേഹത്തിന്റെ പേരിൽ നിലവിലുണ്ടായിരുന്നതും നടപടി ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും അതും ഉദ്യോഗസ്ഥര്‍ ഒഴിവാക്കി നൽകി.
സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനമാണ് റിയാദ് ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ഇദ്ദേഹത്തിനെ നാട്ടിലെത്തിക്കാൻ നടത്തിയത്. ഉണങ്ങാത്ത പുഴുവരിച്ച വൃണവുമായെത്തിയ ഇദ്ദേഹത്തെ ഏറ്റെടുത്ത് ആവശ്യമായ ചികിത്സ നൽകി കൂടെ പാർപ്പിച്ചതും കൂട്ടിരുന്നതും ഹെൽപ്പ് ഡെസ്ക് പ്രവർത്തകരാണ്. ചികിത്സക്ക് ആവശ്യമായ മുഴുവൻ തുകയും കണ്ടെത്തിയത് ഹെൽപ്പ് ഡെസ്ക് അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ചേർന്നാണ്.
ഒരുമാസത്തെ ചികിത്സക്കു ശേഷം സെപ്റ്റംബർ 21ന് ശനിയാഴ്ച്ച രാവിലെ സഊദി എയർ വിമാനത്തിൽ ലത്തീഫ് മസൂദ് നാട്ടിലേക്ക് തിരിച്ചു. യാത്രക്കിടയിലെ സഹായത്തിന് ഇതേ വിമാനത്തിൽ യാത്രചെയ്യുന്ന റിയാദിലെ പൊതു പ്രവർത്തകനെയും കുടുംബത്തെയും ഏർപ്പാട് ചെയ്തുകൊണ്ടാണ് റിയാദ് ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ മടങ്ങിയത്. ദൗത്യം പൂർത്തീകരിക്കാൻ സഹായവുമായി മുന്നോട്ടു വന്ന എല്ലാവര്‍ക്കും റിയാദ് ഹെൽപ്പ് ഡെസ്ക് നന്ദിയും കടപ്പാടും അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക