ബംഗളൂരു നഗരത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. മുനേശ്വര ബ്ലോക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം 30 കഷണങ്ങളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
ബംഗളൂരു നഗരത്തിൽ മുനേശ്വര ബ്ലോക്കിൽ നാലാം ക്രോസ് പൈപ്പ് ലൈനിലെ ജയറാം എന്നയാളുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിലെ വാടകക്കാരിയായ മഹാലക്ഷ്മി എന്ന 26 കാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി മഹാലക്ഷ്മി ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് ബന്ധുക്കൾ പൂട്ട് തകർത്ത് പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വയാലിക്കാവൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കൊലപാതകം നടന്നിട്ട് രണ്ടാഴ്ചയിലധികമായി എന്നാണ് പൊലീസിൻ്റെ നിഗമനം. മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഭർത്താവുമായി അകന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ ഒരു യുവാവ് ഇവരുടെ വീട്ടിൽ സ്ഥിരം വരാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇയാളാകാം കൊലപാതകം നടത്തിയതെന്നാണ് വിലയിരുത്തൽ.