Sunday, 6 October - 2024

ഡൽഹിയുടെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആതിഷി ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) നേതാവ് ആതിഷി ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ രാജിവെച്ച് ഒഴിഞ്ഞ പദവിയിലേക്കാണ് ആതിഷി അധികാരമേറ്റത്. ഡൽഹി മുഖ്യമന്ത്രിയാകുന്ന പ്രായം കുറഞ്ഞ നേതാവാണ് 43കാരിയായ ആതിഷി.

മുകേഷ് അഹ്ലാവത്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, കെലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ മുകേഷ് അഹ്ലാവത് ഒഴികെയുള്ളവർ കെജ്രിവാൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. പുതിയ സർക്കാർ അടുത്തയാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കണം.

സത്യപ്രതിജ്ഞക്ക് മുമ്പ് പുതിയ മന്ത്രിമാർക്കൊപ്പം ആതിഷി കെജ്രിവാളിനെ സന്ദർശിച്ചിരുന്നു. ആതിഷിയിലൂടെ ഡൽഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നത്. സുഷമ സ്വരാജും ഷീല ദീക്ഷിതുമാണ് ആതിഷിയുടെ മുൻഗാമികൾ. കെജ്രിവാൾ മന്ത്രിസഭയിൽ ധനം, റവന്യൂ, വിദ്യാഭ്യാസം വകുപ്പുകളാണ് ആതിഷി കൈകാര്യം ചെയ്തത്. മദ്യനയക്കേസിൽ കെജ്രിവാൾ ജയിലിൽ കഴിഞ്ഞപ്പോൾ ആതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ കെജ്രിവാൾ കഴിഞ്ഞയാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്.

എ.എ.പിയുടെ ജനകീയ മുഖം
കെജ്രിവാളും മനീഷ് സിസോദിയയും കഴിഞ്ഞാൽ എ.എ.പിയിലെ ഏറ്റവും ജനകീയതയും സ്വാധീനവുമുള്ള നേതാവായി ആതിഷി മാറിക്കഴിഞ്ഞു. ഡൽഹി സർവകലാശായിൽ അധ്യാപകരായിരുന്ന വിജയ് സിങ്ങിന്റെയും തൃപ്തവാഹിയുടെയും മകളായി 1981ലാണ് ആതിഷി ജനിച്ചത്.

2001ൽ ഡൽഹി സെന്റ് സ്റ്റീഫൻ കോളജിൽനിന്നു ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ആതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 2003ൽ സ്കോളർഷിപ്പോടെ ഓക്സ്ഫഡിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. പിന്നീട് 2005ലും ഓക്സ്ഫഡിൽ തന്നെ ഗവേഷകയായി.

Most Popular

error: