പി. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരോട് പലതവണ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഫലം കാണാതെ വന്നതോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് പി. ശശിയുടെ പിന്തുണ ഉണ്ടെന്നും പി. വി. അൻവർ ആരോപിച്ചു.
പാർട്ടിക്കും സർക്കാരിനും പി. ശശി മൂലം ഉണ്ടായ ദോഷങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടിയെന്ന് പറഞ്ഞായിരുന്നു പി.വി. അൻവർ ആരോപണങ്ങളുടെ കെട്ടഴിച്ചത്. പി. ശശിക്കെതിരെ തെളിവ് സഹിതമാണ് താൻ പാർട്ടിക്ക് പരാതി നൽകിയത്. മുൻപും പലതവണ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരോട് പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഷാജൻ സ്കറിയ കേസിലെ ഇടപെടലുകളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാൻ തോന്നിയില്ല എന്നും പി.വി. അൻവർ പറഞ്ഞു.
കഴിഞ്ഞ രണ്ടേമുക്കാൽ കൊല്ലം സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടർന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിജിലൻസ് റിപ്പോർട്ടുകളടക്കം പി. ശശി മുക്കി. എം. ആർ. അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്നതിൽ ആശങ്കയുണ്ടെന്നും, ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മെല്ലെപ്പോക്കാണെന്നും അൻവർ പറഞ്ഞു. എഡിജിപിക്കെതിരെ നൽകിയ പരാതികളിൽ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അൻവർ ആരോപിച്ചു.
പൂരം കലക്കിയതിൽ ശശിക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് മീശ മുളയ്ക്കാത്ത ഐപിഎസുകാരൻ വിചാരിച്ചാൽ കുടമാറ്റവും വെടിക്കെട്ടും കുളമാക്കാൻ കഴിയുമോ എന്ന മറുചോദ്യത്തിലൂടെയായിരുന്നു അൻവറിൻ്റെ ഉത്തരം. പ്രതിപക്ഷത്തിന് എതിരെയും പി വി അൻവർ ആരോപണം ഉന്നയിച്ചു. വിവാദങ്ങളിൽ പ്രതിപക്ഷത്തിനും പങ്കുണ്ടെന്നും അവരുടെ പങ്കിനെ പറ്റിയാണ് അടുത്ത വെളിപ്പെടുത്തലെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.